വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; ആരോപണ വിധേയരായ ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ നടപടി
Kerala

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; ആരോപണ വിധേയരായ ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ നടപടി

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

By News Desk

Published on :

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ കെ പ്രദീപ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ എന്‍ സന്തോഷ്. ടി അനില്‍ കുമാര്‍, ലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

യുവാവിന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. നീതി ലഭിച്ചില്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പ്രദേശവാസികളും സംഭവത്തില്‍ പ്രതിഷേധം ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്.

അതേസമയം, മത്തായിയുടെ മൃതദേഹം ഉടൻ സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. കേസിന്റെ തുടക്കം മുതൽ വനം വകുപ്പിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് മത്തായിയുടെ കുടുംബം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം മുങ്ങി മരണം ആണെങ്കിലും അതിലേക്ക് നയിച്ചത് വനപാലകരാണെന്ന് മത്തായിയുടെ ഭാര്യ ഷീബ ആരോപിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് നാലു മണിക്കാണ് മത്തായിയെ വനപാലകര്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. പിന്നീട് കുടപ്പനയിലെ കിണറ്റിനുള്ളില്‍ നിന്നും മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Anweshanam
www.anweshanam.com