സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ മൊഴികളിലെ വൈരുദ്ധ്യം നിരീക്ഷിച്ച്‌ എന്‍.ഐ.എ
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ മൊഴികളിലെ വൈരുദ്ധ്യം നിരീക്ഷിച്ച്‌ എന്‍.ഐ.എ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് അഞ്ചാം മണിക്കൂറിലേക്ക് കടക്കുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍.ഐ.എ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബംഗളൂരുവില്‍ നിന്നുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരത്ത് വച്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍.ഐ.എയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

അതിനിടെ സ്വപ്ന സുരേഷടക്കമുള്ള പ്രതികള്‍ സെക്രട്ടേറിയറ്റിലെത്തിയോ എന്ന് കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലെ സി.സി.ടി. വി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനുള്ള നടപടിയും തുടങ്ങി. രണ്ട് ഘട്ടമായി ഒരു വര്‍ഷത്തെ ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കര്‍ നേരിടുന്ന ചോദ്യം ചെയ്യല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും അഗ്നിപരീക്ഷയുടെ മണിക്കൂറുകളാണ് നല്‍കുന്നത്.

ഡല്‍ഹിയിലെ ആസ്ഥാനത്തിരുന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ‌ര്‍ മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യല്‍ മുഴുവന്‍ നിരീക്ഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ശിവശങ്കര്‍ പുലര്‍ച്ചെ നാലരയോടെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഒമ്ബതേകാലോടെയാണ് ശിവശങ്കര്‍ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്.

ചോദ്യം ചെയ്യലിന്റെ വീഡിയോ സഹിതം പൂര്‍ണമായി ചിത്രീകരിക്കുന്നുണ്ട്. ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. സ്വര്‍ണക്കടത്തില്‍ പങ്കാളിത്തം തെളിയിക്കപ്പെടുകയോ,​ കുറ്റസമ്മതം നടത്തുകയോ ചെയ്താല്‍ ശിവശങ്കറിനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച്‌ എന്‍.ഐ.എ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.

പ്രതികളുമായി വ്യക്തിബന്ധമുണ്ടെന്നു സമ്മതിച്ച ശിവശങ്കര്‍ ഇവര്‍ നടത്തുന്ന സ്വര്‍ണക്കടത്ത് അറിഞ്ഞിരുന്നോ,​ നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോ, പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്നിവയായിരിക്കും പ്രധാനമായും ചോദിക്കുക.കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തു വച്ച്‌ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് എന്‍.ഐ.എ നോട്ടീസ് നല്‍കിയത്.

Related Stories

Anweshanam
www.anweshanam.com