മുല്ലപ്പള്ളിയെ തള്ളിപ്പറഞ്ഞ് ലീഗ്; എ-ഐ ഗ്രൂപ്പുകളും അമര്‍ഷത്തില്‍ 
Kerala

മുല്ലപ്പള്ളിയെ തള്ളിപ്പറഞ്ഞ് ലീഗ്; എ-ഐ ഗ്രൂപ്പുകളും അമര്‍ഷത്തില്‍ 

പ്രവാസി വിഷയത്തിൽ സർക്കാരിനെതിരെ നീങ്ങിയ പ്രതിപക്ഷത്തെ മുല്ലപ്പള്ളിയുടെ പ്രസ്താവന പ്രതിരോധത്തിലാക്കി എന്ന വിലയിരുത്തലാണ് യുഡിഎഫിൽ പൊതുവിലുള്ളത്. 

News Desk

News Desk

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ മുല്ലപ്പള്ളിയെ പരസ്യമായി തള്ളി മുസ്ലീം ലീഗ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ നിപ രാജകുമാരിയാണെന്നും ഇപ്പോൾ കോവിഡ് രാജ്ഞിയാവാന്‍ ശ്രമിക്കുന്നുവെന്നുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവനയാണ് വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് കാരണമായത്.

കെപിസിസിയുടെ സമുന്നതനായ നേതാവായ മുല്ലപ്പള്ളി, ആരോഗ്യമന്ത്രിക്ക് എതിരായ പരമാര്‍ശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്. പ്രസ്താവനയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മുല്ലപ്പള്ളിക്കാണ്. അത് യുഡിഎഫിന്‍റെ അഭിപ്രായം അല്ലെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി.

എന്തു പറയണം എന്ന് തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ്. പ്രസ്താവന പിൻവലിക്കണോ വേണ്ടയോ എന്ന നിലപാടെടുക്കേണ്ടതും അദ്ദേഹമാണ്. എന്നാൽ പറഞ്ഞത് ശരിയായില്ലെന്നും വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ലീഗിന്‍റെ അഭിപ്രായമെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

അതേ സമയം മുല്ലപ്പള്ളിയുടെ പ്രസ്താവന യുഡിഎഫിനെതിരെ ആയുധമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി അപലപനീയമാണെന്നും കെ.പി.എ മജീദ് പറഞ്ഞു. ഇതിന്റെ പേരിൽ പ്രതിപക്ഷത്തെ കരുണയില്ലാതെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി വിഷയത്തിൽ സർക്കാരിനെതിരെ നീങ്ങിയ പ്രതിപക്ഷത്തെ മുല്ലപ്പള്ളിയുടെ പ്രസ്താവന പ്രതിരോധത്തിലാക്കി എന്ന വിലയിരുത്തലാണ് യുഡിഎഫിൽ പൊതുവിലുള്ളത്. നാളുകളായി മുല്ലപ്പള്ളിയോട് ഏറ്റുമുട്ടി നിൽക്കുന്ന എ-ഐ ഗ്രൂപ്പുകളും പാർട്ടിക്കകത്ത് വിമര്‍ശനം ശക്തമാക്കുന്നുണ്ട്.

യുഡിഎഫിലെ രണ്ടാം കക്ഷി പരസ്യമായി തള്ളിപ്പറഞ്ഞതോടെ കെപിസിസി അധ്യക്ഷൻ ഒറ്റപ്പെട്ടിരിക്കുകയാണ്. രാവിലെ കോട്ടയത്ത് മാധ്യമങ്ങളെ കണ്ടെങ്കിലും ഉമ്മൻചാണ്ടി മുല്ലപ്പള്ളിയെ പിന്തുണയ്ക്കാതെ ആദ്യം ഒഴിഞ്ഞുമാറ‍ിയിരുന്നു. തണ്ണുപ്പൻ നിലപാട് ചർച്ചയായതിന് പിന്നാലെ ഉമ്മൻചാണ്ടി പിന്നീട് വാർത്താകുറിപ്പിറക്കി പാർട്ടി അധ്യക്ഷനെ പിന്തുണച്ചു.

കെപിസിസി പ്രസിഡണ്ടിനെ വളഞ്ഞിട്ടാക്രമിച്ച് കോൺഗ്രസ്സിനെ ദുർബ്ബലപ്പെടുത്താമെന്ന് സർക്കാറും സിപിഎമ്മും കരുതേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന. മുല്ലപ്പള്ളിയുടെ വിവാദ പരാമർശത്തിൽ തൊടാതെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് ഇന്ന് വൈകീട്ട് മൂന്നിന് പ്രതിപക്ഷനേതാവ് മറുപടി നൽകും.

Anweshanam
www.anweshanam.com