രക്ഷിക്കണം; മുഖ്യമന്ത്രിയ്ക്ക് നിമിഷ പ്രിയയുടെ കത്ത്

സര്‍ക്കാര്‍ തലത്തിലുള്ള നിയമ, നയതന്ത്ര സഹായങ്ങളാണ് യുവതി കത്തില്‍ ആവശ്യപ്പെടുന്നത്.
രക്ഷിക്കണം; മുഖ്യമന്ത്രിയ്ക്ക് നിമിഷ പ്രിയയുടെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ. ജയില്‍ മോചനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ഇവര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു.

യെമന്‍ സനയിലെ ജയില്‍ നിന്നാണ് നിമിഷ പ്രിയ കത്തെഴുതിയത്. ഓരോ നിമിഷവും ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചും അമ്മയേയും കുഞ്ഞിനേയും ഭര്‍ത്താവിനേയും ഇനി കാണാന്‍ കഴിയുമോ എന്ന ആശങ്കയോടെയുമാണ് ദിനങ്ങള്‍ തള്ളിനീക്കുന്നതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.

യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖേനയാണ് കത്ത് കൈമാറിയത്. സര്‍ക്കാര്‍ തലത്തിലുള്ള നിയമ, നയതന്ത്ര സഹായങ്ങളാണ് യുവതി കത്തില്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും കേന്ദ്രത്തിന്റെയും ഇടപെടലുകള്‍ കൂടി ഉണ്ടായാല്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയ.

യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മോചനദ്രവ്യമായി ഏകദേശം 70 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

പണത്തിനായി സര്‍ക്കാറിനെ സമീപിക്കാതെ പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. ജയില്‍ മോചന ശ്രമങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി അടക്കമുള്ളവര്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.

Related Stories

Anweshanam
www.anweshanam.com