മയക്കുമരുന്നും നിശാപാര്‍ട്ടിയും; യുവതി അടക്കം 9പേര്‍ അറസ്റ്റില്‍

സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി ഷാജി കുറ്റിക്കാടിന്റെ റിസോര്‍ട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി നിശാപാര്‍ട്ടി നടന്നത്.
മയക്കുമരുന്നും നിശാപാര്‍ട്ടിയും; യുവതി അടക്കം 9പേര്‍ അറസ്റ്റില്‍

വാഗമണ്‍: വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ യുവതി അടക്കം 9പേര്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശി അജ്മല്‍ (30), മലപ്പുറം സ്വദേശി മെഹര്‍ ഷെറിന്‍ (26), എടപ്പാള്‍ സ്വദേശി നബീല്‍ (36), കോഴിക്കോട് സ്വദേശി സല്‍മാന്‍ (38), അജയ് (41), ഷൗക്കത്ത് (36), മുഹമ്മദ് റഷീദ് (31), നിഷാദ് (36), ബ്രസ്റ്റി വിശ്വാസ് (23) എന്നിവരാണ് അറസ്റ്റിലായത്. എല്‍എസ്ഡി സ്റ്റാമ്ബ്, കഞ്ചാവ്, ഹെറോയിന്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി ഷാജി കുറ്റിക്കാടിന്റെ റിസോര്‍ട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി നിശാപാര്‍ട്ടി നടന്നത്. അറുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. നിശാപാര്‍ട്ടി വിവാദമായതോടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവൃത്തി ചെയ്ത സിപിഐ ലോക്കല്‍ സെക്രട്ടറി ഷാജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും ഇയാള്‍ക്കെതിരെ വേണ്ട നടപടികളെടുക്കുമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ വ്യക്തമാക്കി. ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ഷാജി.

എന്നാല്‍ തനിക്ക് നിശാപാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഷാജി പൊലീസിനോട് പറഞ്ഞു. ജന്മദിന ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തതെന്നും ഷാജി പറഞ്ഞു. റിസോര്‍ട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശിയായ ഏണസ്റ്റ് എന്നയാളാണെന്നും ഷാജി വെളിപ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ എവിടെ നിന്നും എത്തിച്ചു എന്നുള്ളതാണ് പൊലീസ് നിലവില്‍ അന്വേഷിക്കുന്നത്. ഇതിനായി പിടിയിലായവരുടെ മൊബൈല്‍ ഫോണും ആഢംബര കാറുകളും കേന്ദ്രികരിച്ചുള്ള സംസ്ഥാന വ്യാപക അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com