
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഭീകരരുടെ സംഘം രൂപീകരിച്ചെന്ന് എന്‍ഐഎ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ആളുകളെ റിക്രൂട്ട് ചെയ്യുകയും രാജ്യത്തുംവിദേശത്തുനിന്നുമായി ഫണ്ട് പിരിക്കുകയും ചെയ്തു. അതേസമയം, സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയായ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പേര് കുറ്റപത്രത്തില്‍ ഇല്ല.
രാജ്യത്തിന്റെ ആഭ്യന്തര - സാമ്ബത്തിക സുരക്ഷ തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം തകര്‍ക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തിനു പിന്നിലെ ഭീകര ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയെ തകര്‍ക്കുന്ന ഏതൊരു പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനമാണെന്നും ഇതുതന്നെയാണ് പ്രതികള്‍ നടത്തിയതെന്നും എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇനി ഒന്‍പത് പേരെ കൂടി പ്രതി ചേര്‍ക്കാനുണ്ടെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്.
ജനുവരി അഞ്ചിനാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്ന സുരേഷും സരിത്തും ഉള്‍പ്പടെ 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കേസില്‍ വിദേശത്ത്നിന്നുള്പ്പടെ ഒന്‍പത് പ്രതികളെ പിടികൂടാനുണ്ട്.