കോവിഡ് ബാധിച്ച് മരിച്ച 85കാരന്‍ അജ്ഞാത മൃതദേഹമായി മോര്‍ച്ചറിയില്‍ കിടന്നത് 5 ദിവസം

വിവരമറിയാതെ ഭക്ഷണവും വസ്ത്രങ്ങളുമെത്തിച്ച് ബന്ധുക്കള്‍
കോവിഡ് ബാധിച്ച് മരിച്ച 85കാരന്‍ അജ്ഞാത മൃതദേഹമായി മോര്‍ച്ചറിയില്‍ കിടന്നത് 5 ദിവസം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് പിതാവ് അഞ്ച് ദിവസം അജ്ഞാതമൃതദേഹമായി മോര്‍ച്ചറിയില്‍ കഴിഞ്ഞിട്ടും കുടുംബാംഗങ്ങളെ അറിയിക്കാത്തതില്‍ വ്യാപക പ്രതിഷേധം. കൊല്ലം തലവൂര്‍ ഞാറക്കാട് വലിയപാറ സുലൈമാന്‍ കുഞ്ഞ് എന്ന 85 കാരന്റെ മൃതദേഹമാണ് അഞ്ചു ദിവസം അജ്ഞാതശരീരമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്നത്.

പിതാവ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്ന് ആശ്വസിച്ച് കുടുംബാംഗങ്ങള്‍ സ്ഥിരമായി ഭക്ഷണവും വസ്ത്രങ്ങളും ആശുപത്രിയിലെത്തിച്ചുകൊണ്ടിരുന്നു. ഇതെല്ലാം ലഭിച്ചത് സുലൈമാന്‍ എന്ന് പേരുള്ള മറ്റൊരു രോഗിയ്ക്കായിരുന്നു. മേല്‍വിലാസം രേഖപ്പെടുത്തിയതിലെ പിഴവാണ് ഈ ആശങ്കയ്ക്ക് കാരണമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഇക്കഴിഞ്ഞ ആഗസ്റ്റ് 26 ന് ആണ് കൊല്ലം സ്വദേശി സുലൈമാനെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കടുത്ത ശ്വാസതടസ്സത്തെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 ദിവസം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ മകനായ നൗഷാദിനെ അറിയിച്ചു.

പിന്നീട് സുലൈമാനെ കോവിഡ് ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയാണെന്നാണ് ആശുപത്രി അധികൃതര്‍ നൗഷാദിനോട് പറഞ്ഞത്. പിറ്റേദിവസം രാവിലെ തന്നെ നൗഷാദ് മെഡിക്കല്‍ കോളെജിലെത്തിയിരുന്നു. എന്നാല്‍ പിതാവിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും തൊട്ടടുത്തുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് അഡ്മിറ്റ് ചെയ്തതെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം.

ഇതനുസരിച്ച് നൗഷാദ് ഫസ്റ്റ്‌ലൈന്‍ സെന്ററിലെത്തുകയും ആരോഗ്യപ്രവര്‍ത്തകര്‍ മുഖേന പിതാവിന് ഒരു ചെറിയ മൊബൈല്‍ ഫോണ്‍ നല്‍കുകയും ചെയ്തു. അത്യാവശ്യ വസ്ത്രങ്ങളും നൗഷാദ് എത്തിച്ചിരുന്നു. പിന്നീട് രണ്ട് ദിവസത്തോളം പിതാവുമായി സംസാരിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഫോണ്‍ ചെയ്യുമ്പോഴൊന്നും പിതാവിനോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ നൗഷാദ് ഫസ്റ്റ്‌ലൈന്‍ സെന്ററുമായി ബന്ധപ്പെട്ടു. അപ്പോഴാണ് പിതാവിന്റെ ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് വീണ്ടും പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയ വിവരം അറിയുന്നത്.

വിവരം അറിഞ്ഞതു മുതല്‍ നൗഷാദ് പാരിപ്പള്ളി മെഡിക്കല്‍ കോളെജിലെത്തുകയും പിതാവിന് ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണങ്ങളും എത്തിക്കുകയും ചെയ്തു. ഐസോലേഷന്‍ വാര്‍ഡിലായതിനാല്‍ പിതാവിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ മുഖേനയാണ് ഭക്ഷണവും വസ്ത്രങ്ങളും പിതാവിന് നൗഷാദ് എത്തിച്ചിരുന്നത്.

ഒക്ടോബര്‍ 16 ന് പിതാവിന് കോവിഡ് നെഗറ്റീവായെന്നും വാര്‍ഡിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ നൗഷാദിനെ വിളിച്ച് പറഞ്ഞു. ഇതനുസരിച്ച് പിതാവിനെ കാണാന്‍ നൗഷാദ് ആശുപത്രി വാര്‍ഡിലെത്തി. എന്നാല്‍ കൊവിഡ് നെഗറ്റീവായി വാര്‍ഡിലേക്ക് മാറ്റിയത് ശാസ്താംകോട്ട സ്വദേശി സുലൈമാന്‍ കുഞ്ഞിനെയാണ്. പിതാവിന്റെ അതേ പ്രായം തന്നെയായിരുന്നു അദ്ദേഹത്തിനും.

പിതാവിന്റെ ഫോട്ടോ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി ഷെയര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് സുലൈമാന്‍ കുഞ്ഞ് മരിച്ചെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 17 ന് മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഇവിടുന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സുലൈമാന്‍ കുഞ്ഞ് ഒക്ടോബര്‍ 13 നാണ് മരിച്ചത്.

Related Stories

Anweshanam
www.anweshanam.com