ഡേറ്റാ കച്ചവടം; അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത്

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിയായ പോപ്പുലേഷൻ ഹെൽത്ത്‌ റിസർച്ചിന് വിറ്റ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല
ഡേറ്റാ  കച്ചവടം; അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിയായ പോപ്പുലേഷൻ ഹെൽത്ത്‌ റിസർച്ചിന് വിറ്റ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. രാജ്യത്തെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള ഈ ഡേറ്റാ കച്ചവടത്തെ പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ടു ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി.

സംസ്ഥാനത്തെ പത്ത് ലക്ഷം ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് വിറ്റ വിവരം പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ കാരവൻ ആണ്‌ പുറത്തു കൊണ്ടുവന്നത്. ഇതിന്റെ ഡിജിറ്റൽ തെളിവുകളും അവർ പുറത്തു വിട്ടു. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്ത് ഒരു വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ പാടില്ലെന്നാണ് നിയമം എന്നിരിക്കെ ഈ നടപടിയെക്കുറിച്ചു അടിയന്തിരമായി അന്വേഷണം നടത്തണം.

കേരള സർക്കാരിന്റെ കിരൺ ആരോഗ്യ സർവേ (കേരള ഇൻഫർമേഷൻ ഓൺ റസിഡന്റ്സ് - ആരോഗ്യം നെറ്റ്‌വർക്) പദ്ധതി വഴിയാണ് കനേഡിയൻ കമ്പനി വിവരങ്ങൾ ശേഖരിക്കുന്നത് എന്നാണ് ഡിജിറ്റൽ തെളിവ് സഹിതം കാരവൻ പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യവകുപ്പ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉപദേശകനുമായ രാജീവ് സദാനന്ദൻ, പിഎച്ച്ആർഐയുടെ തലവൻ ഡോ. സലീം യൂസഫ്, ഡോക്ടർ വിജയകുമാർ എന്നിവരുടെ ഇമെയിൽ സന്ദേശങ്ങളാണ് ഈ തെളിവുകൾ. ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായി കമ്പനി കോടികളാണ് മുടക്കിയത് എന്ന വിവരം ഈ പദ്ധതിയുടെ മറവിൽ വൻ അഴിമതി നടന്നു എന്നതിന്റെ തെളിവാണ്. കേന്ദ്രസർക്കാരിന്റെ പോലും അനുമതിയില്ലാതെയാണ് ഈ കച്ചവടം.

കേരളത്തിലെ ജനങളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിങ്ക്ളർ കമ്പനിക്ക് നൽകിയതിൽ ക്രമക്കേടും അഴിമതിയും നടന്ന കാര്യം താൻ മുൻപ് ചൂണ്ടികാട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് സർക്കാർ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷൻ ഡേറ്റ കച്ചവടം നടന്നു ശരിവച്ചതാണ്. ജനങ്ങളുടെ വ്യക്തി വിവരങ്ങൾക്ക് ജീവനോളം വിലയുണ്ട് എന്നാണ് സ്പ്രിങ്ക്ളർ കേസിൽ ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Related Stories

Anweshanam
www.anweshanam.com