കെ എം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കുന്നതിനെതിരെ ജില്ലാ ലീഗ് നേതാക്കള്‍

വിജയസാധ്യത ഉള്ള ജില്ലക്കാരനായ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിച്ചു
കെ എം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കുന്നതിനെതിരെ ജില്ലാ ലീഗ് നേതാക്കള്‍

മലപ്പുറം: കെഎം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലീം ലീഗ് ജില്ലാ നേതാക്കള്‍. വിജയസാധ്യത ഉള്ള ജില്ലക്കാരനായ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിച്ചു‍. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മായിന്‍ ഹാജി, കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് എന്നിവരാണ് പാണക്കാടെത്തി എതിര്‍പ്പറിയിച്ചത്.

പുറത്തുനിന്ന് ഒരാളെ മത്സരിപ്പിക്കേണ്ടതില്ലെന്നും കാസര്‍കോടുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നതിന്റെ പ്രതിഷേധവും ജില്ലാ നേതാക്കള്‍ ലീഗ് നേതാക്കളെ അറിയിച്ചു. വിജയസാധ്യതയുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്ന് തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടതാണെന്നും കാലങ്ങളായി ജില്ലയില്‍ നിന്നുള്ളവരാണ് മത്സരരംഗത്തുള്ളതെന്നും ജില്ലാ നേതാക്കള്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ശേഷം പ്രതികരിച്ചു.

അഴീക്കോട് മത്സരിക്കാനില്ലെന്നും കണ്ണൂരോ കാസര്‍കോടൊ മത്സരിക്കാമെന്ന് കഴിഞ്ഞദിവസം കെഎം ഷാജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാസര്‍കോട് മത്സരിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കെഎം ഷാജി തള്ളുകയാണുണ്ടായത്. ജില്ലാ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ഷാജി അഴീക്കോട് തന്നെ മത്സരിക്കാനാണ് സാധ്യത.

അതേസമയം, അഴീക്കോട് മത്സരിക്കാനാണ് താല്പര്യമെന്നും കാസർഗോഡ് മത്സരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപെട്ടിട്ടില്ലെന്നും കെഎം ഷാജി പറഞ്ഞു. അഴീക്കോട് മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ തയ്യാറാണെന്നും, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്ത് നിന്നും മാറി നിൽക്കുമെന്നും ഷാജി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com