കുരുക്ഷേത്രയിലെയും മഹാരാജാസിലെയും അഭിമന്യു രണ്ടല്ല; രണ്ടുപേരും പിന്നിൽ നിന്ന് കുത്തേറ്റവർ
Kerala

കുരുക്ഷേത്രയിലെയും മഹാരാജാസിലെയും അഭിമന്യു രണ്ടല്ല; രണ്ടുപേരും പിന്നിൽ നിന്ന് കുത്തേറ്റവർ

മഹാരാജാസിലെ അഭിമന്യുവിനെയും ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ അഭിമന്യുവിനെയും തമ്മിൽ ചേർത്തുവെക്കുകയാണ് പ്രവീൺ പ്രഭാകർ

By M Salavudheen

Published on :

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട രണ്ടാം ഓർമദിനമാണ് ഇന്ന്. വട്ടവട എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും നെഞ്ച് നിറയെ സ്നേഹവും തളരാത്ത പോരാട്ട വീര്യവുമായി സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്യാമ്പസിലേക്ക് എത്തിയ അഭിമന്യു പിന്നീട് ഒരു നാടിന്റെ തന്നെ നൊമ്പരമായി, രാഷ്ട്രീയ വൈര്യത്തിന്റെ കൊലക്കത്തിക്ക് ഇരയാവുകയായിരുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ അടങ്ങാത്ത ചതിയ്ക്ക് മുന്നിൽ കാലിടറി വീണ അഭിമന്യു പക്ഷേ പിന്നീട് ഒരുപാട് യുവാക്കൾക്ക് ആവേശമാകുകയായിരുന്നു. വർഗീയത തുലയട്ടെ എന്ന അവന്റെ മുദ്രാവാക്യം ഇന്നും നിലക്കാതെ ഉയർന്നുകൊണ്ടേ ഇരിക്കുകയാണ്.

എന്നാൽ, മഹാരാജാസിലെ അഭിമന്യുവിനെയും ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ അഭിമന്യുവിനെയും തമ്മിൽ ചേർത്തുവെക്കുകയാണ് പ്രവീൺ പ്രഭാകർ. കുരുക്ഷേത്ര യുദ്ധത്തിൽ കൗരവർക്കെതിരെ പോരാടി പുറകിൽ നിന്നുള്ള ആക്രമത്തിൽ വീണുപോയ അഭിമന്യുവും, മഹാരാജാസ് കോളേജിൽ സമരങ്ങളിലൂടെ മുന്നേറുന്നതിനിടെ വർഗീയ ശക്തികളുടെ പുറകിൽ നിന്നുള്ള കുത്തേറ്റ് കൊല്ലപ്പെട്ട അഭിമന്യുവും രണ്ടല്ല, ഒന്ന് തന്നെയെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രവീൺ പ്രഭാകർ വ്യക്തമാക്കുന്നു.

പ്രവീൺ പ്രഭാകർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

കുരുക്ഷേത്രയുദ്ധം അതിന്റെ ഏറ്റവും ഉയർന്ന ആൾ നാശ നിരക്കിലേക്ക് കടന്നിരിക്കുകയാണ്... പന്ത്രണ്ട് ദിവസം കഴിഞ്ഞു... യുദ്ധ നിയമ പ്രകാരം സൂര്യനസ്തമിച്ചു കഴിഞ്ഞാൽ അന്നത്തെ യുദ്ധം അവസാനിക്കും... രാത്രി കൗരവരുടെ ക്യാമ്പിൽ അടുത്ത ദിവസത്തേക്കുള്ള പദ്ധതികൾ ചർച്ചക്ക് വെച്ചു... ദ്രോണർ അത് വരെ യുദ്ധത്തിൽ പ്രയോഗിക്കാതിരുന്ന 'ചക്ര വ്യൂഹം' എന്ന ആശയം മുന്നോട്ടു വെച്ചു... പാണ്ഡവരിൽ തലമുതിർന്ന യുധിഷ്ഠിരനെ യുദ്ധ തടവുകാരനാക്കി യുദ്ധത്തിൽ മേൽകൈ നേടാമെന്നായിരുന്നു ചക്ര വ്യൂഹം കൊണ്ട് ദ്രോണർ ആഗ്രഹിച്ചത്... കാരണം ചക്ര വ്യൂഹം നിസ്സാരമല്ല... സാക്ഷാൽ കൃഷ്ണൻ, അർജുനൻ, ഭീഷ്മർ, ദ്രോണർ, പ്രദ്യുമ്നൻ എന്നിങ്ങനെ അഞ്ച് പേർക്ക് മാത്രമേ ചക്ര വ്യൂഹം ഭേദിക്കാനുള്ള വിദ്യ അറിയൂ... ഇതിൽ കൃഷ്ണൻ തേരാളിയാണ്... പ്രദ്യുമ്നൻ യുദ്ധത്തിലുമില്ല... ആകെ ബാക്കിയുള്ളത് അർജുനനാണ്... അയാളെ പൂട്ടിയാൽ ബാക്കി വ്യൂഹത്തിൽ പെടുന്നവരെല്ലാം തീർന്നു എന്ന് കരുതിയാൽ മതി... അത് വരെയുള്ള യുദ്ധത്തിൽ കണ്ടിട്ടില്ലാത്ത ഈ മാസ്റ്റർ പ്ലാൻ എല്ലാവരും കയ്യടിച്ചു പാസ്സാക്കി.

പതിമൂന്നാം ദിവസം യുദ്ധം തുടങ്ങി... പദ്ധതിയനുസരിച്ചു കൗരവർ ചക്രവ്യൂഹം തീർത്തു... ഒരു നിര പട മുഴുവൻ അർജുനനെ പ്രതിരോധിക്കാൻ നിയോഗിച്ചു... കൗരവരുടെ തന്ത്രമറിയാതെ അർജുനൻ ദിശ തെറ്റി മാറി പോയി... പക്ഷെ ആ യുദ്ധത്തിൽ വെറും പതിനാറ് വയസ് മാത്രം പ്രായമുള്ള ഒരു പോരാളിയുണ്ടായിരുന്നു... അർജുനന്റെയും സുഭദ്രയുടെയും മകൻ... കൃഷ്ണന്റെ അനന്തരവൻ... ഇവരുടെയെല്ലാം കഴിവ് രക്തത്തിൽ അലിഞ്ഞു ചേർന്ന അഭിമന്യു.

കൗരവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അഭിമന്യു ചക്ര വ്യൂഹത്തിൽ അകപ്പെട്ടു... ഏഴു ചക്ര വ്യൂഹങ്ങളിൽ ആറും ഭേദിച്ച അവന് പക്ഷെ വ്യൂഹത്തിന്റെ പുറത്തിറങ്ങാനുള്ള വിദ്യ മാത്രം അറിയില്ലായിരുന്നു...അത് കൊണ്ട് തന്നെ അവൻ കൗരവ പടയെ ഒറ്റക്ക് നേരിടാൻ തുടങ്ങി... പതിനാറ് വയസുകാരനെ നിസ്സാരമായി കൊന്ന് തള്ളാമെന്ന് കരുതിയ കൗരവ പടക്ക് തെറ്റി... കൗരവ പടയെ ഒറ്റക്ക് നേരിടാനും മാത്രം കെൽപ്പുള്ള പോരാളിയായിരുന്നു അവൻ... ആദ്യം അവൻ ദുര്യോധനന്റെ മകൻ ലക്ഷ്മണനെ വധിച്ചു... തുടർന്ന് അര ഡസനോളം കൗരവ വീരന്മാരെയും അസംഖ്യം പടയാളികളെയും അവൻ ഒറ്റക്ക് നേരിട്ട് വധിച്ചു... മഹാഭാരത യുദ്ധം അന്ന് വരെയോ അതിന് ശേഷമോ കാണാത്തത്ര ഭയങ്കര പ്രതിരോധമാണ് അഭിമന്യു തീർത്തത്... നീണ്ട നേരം യുദ്ധം ചെയ്ത് ദുശ്ശാസനൻ ബോധരഹിതനായി...അപ്പോഴേക്കും യുദ്ധം ചക്രവ്യൂഹത്തിനുള്ളിൽ കൗരവരും അഭിമന്യുവും എന്ന നിലയിലേക്ക് ചുരുങ്ങി...

കൃഷ്ണനടക്കമുള്ള പാണ്ഡവ പട പുറത്ത് നിസ്സഹായരായ കാഴ്ചക്കാരായി മാറി...സൂര്യനസ്തമിക്കുന്നതിന് മുന്നേ അഭിമന്യുവിനെ നേരിട്ട് കൊല്ലാൻ സാധിക്കില്ല എന്ന് മനസിലാക്കിയ കൗരവ പട അന്നാദ്യമായി യുദ്ധ നിയമങ്ങൾ ലംഘിക്കാൻ തീരുമാനിച്ചു... പിന്നിൽ നിന്ന് ആക്രമിക്കുന്നതും കൂട്ടം ചേർന്ന് ആക്രമിക്കുന്നതും യുദ്ധ നിയമത്തിനെതിരാണ്... പക്ഷെ ആദ്യം കർണൻ പിന്നിൽ നിന്ന് അമ്പെയ്ത് അഭിമന്യുവിനെ നിരായുധനാക്കി... തുടർന്ന് ജയദ്രഥനും ധർമസേനനും കർണ്ണനും ദ്രോണരും മകൻ ഭരധ്വജനും ഒരുമിച്ചു അവനെ നേരിട്ടു... തന്റെ മകനെക്കാൾ പ്രായം കുറഞ്ഞ അഭിമന്യുവിന് നേരെ ദ്രോണാചാര്യർ കണ്ണുകൾ അടച്ചുകൊണ്ടാണ് അമ്പെയ്തത്... കാരണം ചെയ്യുന്നത് ഏറ്റവും വലിയ അധർമമാണെന്ന് കൗരവർക്കുമറിയാം... പക്ഷെ പല ഭാഗത്തു നിന്ന് പീഡനങ്ങൾ ഏറ്റിട്ടും ഒരു കയ്യിൽ വാളും മറ്റൊരു കയ്യിൽ പരിചയായി രഥ ചക്രവുമായി പോരാടിയ അഭിമന്യു സത്യത്തിൽ എല്ലാവരുടെയും കണ്ണ് നിറയിപ്പിച്ചു... ദുശ്ശാസനന്റെ മകൻ ധർമസേനന്റെ ഗദ കൊണ്ടുള്ള പ്രഹരത്തിൽ അഭിമന്യുവിന്റെ തല പൊട്ടി ചോര ചിതറി... തീർത്തും നിരായുധനായി വീണിട്ടും ആ പതിനാറ് വയസുകാരൻ കൗരവ പട എന്ന തിന്മയെ നോക്കി ചിരിച്ചു... കയ്യിലിരുന്ന ചക്രം കൊണ്ട് ധർമസേനനെയും അവൻ അടിച്ചു വീഴ്ത്തി... അവസാനം കർണൻ നിരായുധനായി ദേഹമാസകലം പരിക്കുകളോടെ പോർക്കളത്തിൽ ഒറ്റക്ക് നിന്ന അവനെ ചേർത്ത് നിർത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു...

മരിക്കുമ്പോഴും ആ പതിനാറ് വയസ് മാത്രമുള്ള യോദ്ധാവിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല...മഹാഭാരത യുദ്ധത്തിലെ നീതി നിഷേധത്തിന്റെ ഏറ്റവും വലിയ ഇരയായ അഭിമന്യുവിന്റെ കഥ ഇന്നും ഒരു നെടുവീർപ്പോടെയല്ലതെ ഓർക്കാൻ സാധിക്കില്ല... അതിന് ശേഷം മാത്രമാണ് പാണ്ഡവരും യുദ്ധ നിയമം ലംഘിക്കാൻ തുടങ്ങിയത്... നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ച അര്ജുനനോടും ദുര്യോധനനെ കൊല്ലാൻ തയാറായ ഭീമനോടും കൃഷ്‌ണൻ അഭിമന്യുവിനോട് അവർ ചെയ്തത് ഓർമിപ്പിക്കുന്നുണ്ട്.

കാലം ഈ കഥകൾക്കെല്ലാം ഒരു തനിയാവർത്തനം തീർത്തു...കുരു ക്ഷേത്രയിൽ നിന്ന് മഹാരാജാസിന്റെ മണ്ണിലേക്ക് വരുമ്പോൾ യുദ്ധം മാറി സമരമായിരുന്നു...ആ സമരം ആദ്യം ചെയ്‌തത് കലാലയം പഠിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് പറഞ്ഞുകൊണ്ട് അരാഷ്ട്രീയ വാദത്തെ പ്രോത്സാഹിപ്പിച്ച അധ്യാപകരോടായിരുന്നു... കോളേജിൽ ഹോളി ആഘോഷിച്ചും ക്യാമ്പസിൽ പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചും അതിന് നേതൃത്വം കൊടുത്തത് വട്ടവടയിൽ നിന്ന് വന്ന അഭിമന്യു എന്ന 22 കാരനായിരുന്നു... 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം' എന്ന് വെള്ളയിൽ ചുവന്ന നിറത്തിലെഴുതിയ കൊടിയും കയ്യിൽ പിടിച്ചായിരുന്നു അവനോരോ മുദ്രാവാക്യവും വിളിച്ചത്... 'വർഗീയത തുലയട്ടെ ' എന്ന് മഹാരാജാസിന്റെ കവാടത്തിലെ റോഡിൽ എഴുതുമ്പോൾ അവൻ അറിഞ്ഞിരുന്നില്ല അതേ വർഗീയതയുടെ ഇരയായി മാറുമെന്ന്... ക്യാമ്പസ്‌ ഫ്രണ്ട് എന്ന വർഗീയ വാദികളുടെ കൂട്ടത്തിന് അവൻ തലവേദനയാവാൻ അധിക സമയം വേണ്ടി വന്നില്ല... ക്യാമ്പസ്‌ ഫ്രണ്ട് എന്ന് എഴുതിയിടത്തെല്ലാം അവൻ അതിന്റെ പര്യായമായ 'വർഗീയത' എന്ന് തിരുത്തിയെഴുതി...സകല ആശയ സമരങ്ങളുടെയും പച്ചയായ ലംഘനമാണ് കൊലപാതകം... അതാര് ചെയ്താലും ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല.

പക്ഷെ ആ രാത്രി വർഗീയ വാദികൾ അവനെ 'വ്യൂഹത്തിൽ' അകപെടുത്തി...കൂട്ടം ചേർന്ന് ആക്രമിച്ചു... നിസഹായനായ അവനെ കുത്തി വീഴ്ത്തി...കൂട്ടത്തിൽ അന്ന് അക്രമത്തിനിരയായ സഖാവിന്റെ പേര് അർജുൻ എന്നായത് ഒരുപക്ഷെ കാലം കരുതിവെച്ച സാമ്യത പോലെ തോന്നാം... സകല നീതി നിഷേധത്തിന്റെയും ഇരയായി രണ്ട് വർഷം മുമ്പ് കുത്തേറ്റു വീണ അഭിമന്യുവിനെ ഓർക്കുമ്പോൾ ഭാരത ഇതിഹാസത്തിലെ ഏറ്റവും വലിയ നീതി നിഷേധം നേരിട്ട അഭിമന്യുവിനെ കൂടി ഓർമ വരുന്നത് യാദൃച്ഛികമാവാം... പക്ഷെ ഒരു നോവായോ കണ്ണ് നിറയുന്ന ഓർമയായോ അല്ലാതെ ഇവരെ ഓർക്കാൻ സാധിക്കാത്തത് യാദൃച്ഛികതയല്ല.

അഭിമന്യുവിനെ കൂട്ടം ചേർന്ന് കൊന്നു തള്ളിയതിൽ ഉണ്ടായ അതിശക്തമായ ദേഷ്യം മൂലം പിന്നീടുള്ള അഞ്ച് ദിവസം കൊണ്ട് സകല കൗരവരെയും കൂട്ടാളികളെയും ഇല്ലാണ്ടാക്കി അവന്റെ ജീവത്യാഗത്തിനു പാണ്ഡവർ പ്രതികാരം ചെയ്തിരുന്നു.... വർഗീയത തുലയട്ടെ എന്നെഴുതിയ ഞങ്ങളുടെ അഭിമന്യുവിനെ കൂട്ടം ചേർന്ന് കൊലപ്പെടുത്തിയതിന് ശേഷം വർഗീയ വാദികളെ ഒട്ടപെടുത്തുവാൻ ഈ നാട് തീരുമാനിച്ചിരിക്കുന്നു... അങ്ങനെ വർഗീയത തുലയട്ടെ എന്നെഴുതാൻ ആയിരക്കണക്കിന് കൈകൾക്ക് പ്രചോദനമായിരിക്കുന്നു...ആ അക്ഷരങ്ങളിൽ അഭിമന്യു ഇന്നും ജീവിക്കുന്നു.

#വർഗീയത_തുലയട്ടെ

Anweshanam
www.anweshanam.com