ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

അബ്ദുല്‍ റഹ്മാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

കാസര്‍കോട്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. അബ്ദുല്‍ റഹ്മാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ഡിവൈഎഫ്ഐ- ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ക്കഥയാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂണിറ്റ് സെക്രട്ടറി ഇര്‍ഷാദാണ് മുഖ്യപ്രതി. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് പേരാണ് കൃത്യത്തില്‍ പങ്കാളികളായതെന്നും ഇര്‍ഷാദ് പറഞ്ഞു. ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ ബുധനാഴ്ച രാത്രി തന്നെ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഗുരുതര പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് വാങ്ങി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, ഹൃദയ ധമനിയില്‍ ആഴത്തിലേറ്റ കുത്താണ് ഔഫിന്റെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com