ഉമ്മന്‍ചാണ്ടി എവിടെനിന്നാലും ജയിക്കുമെന്ന് മുല്ലപ്പള്ളി

ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാനും മടിക്കില്ല.
ഉമ്മന്‍ചാണ്ടി എവിടെനിന്നാലും ജയിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് ഏത് നിയോജക മണ്ഡലവും അനുയോജ്യമാണെന്നും എവിടെ നിന്നാലും അദ്ദേഹം വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യം പറഞ്ഞത്.

തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെങ്കില്‍ ഏറ്റെടുക്കട്ടെ എന്ന രീതിയിലുള്ള ചില ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്. കോണ്‍ഗ്രസിനകത്ത് അത്തരം ചര്‍ച്ചകള്‍ വന്നിട്ടില്ല. വേണമെങ്കില്‍ അത്തരം വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം മടിക്കുമെന്ന് തോന്നുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പക്ഷേ, ഇപ്പോള്‍ അദ്ദേഹം അങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കേണ്ട കാര്യമില്ല. അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ ഇപ്പോഴത്തെ അഭിപ്രായമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ സ്ഥിരം തട്ടകമായ പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, പിന്നീട് ഉമ്മന്‍ചാണ്ടി തന്നെ ഇത്തരം വാര്‍ത്തകളെ തള്ളി രംഗത്തെത്തി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നുവെന്നും ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയെ തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിപ്പിക്കാനും പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ നിര്‍ത്താനും ചര്‍ച്ചകള്‍ നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com