മുഖ്യമന്ത്രിയുടെ താന്തോന്നിത്തരമെന്ന് മുലപ്പള്ളി; ആക്ഷേപിച്ചിട്ട് കാര്യമില്ലെന്ന് രമേശ് ചെന്നിത്തല
Kerala

മുഖ്യമന്ത്രിയുടെ താന്തോന്നിത്തരമെന്ന് മുലപ്പള്ളി; ആക്ഷേപിച്ചിട്ട് കാര്യമില്ലെന്ന് രമേശ് ചെന്നിത്തല

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസിവിരുദ്ധ നിലപാടുകള്‍ക്കെതിരായ യുഡിഎഫ് ധർണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

News Desk

News Desk

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ താന്തോന്നിത്തം മൂലമാണ് നിരവധി പ്രവാസികളുടെ ജീവന്‍ നഷ്ടമായതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍. സർക്കാരിന്‍റെ പ്രവാസി വിരുദ്ധ നിലപാടുകള്‍ തുറന്നുകാട്ടുമ്പോള്‍ അതിനെ കുത്തിത്തിരുപ്പായി ആക്ഷേപിച്ചിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസിവിരുദ്ധ നിലപാടുകള്‍ക്കെതിരായ യുഡിഎഫ് ധർണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സർക്കാർ ചാർട്ടേഡ് വിമാനങ്ങള്‍ തയ്യാറാക്കുക, വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കുക തുടങ്ങി അഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രവാസി വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്. നിയോജക മണ്ഡലങ്ങളില്‍ നടന്ന പ്രതിഷേധത്തിന് മുതിർന്ന നേതാക്കള്‍ നേതൃത്വം നല്‍കി. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.

ചികിത്സകിട്ടാതെ നിരവധി മലയാളികള്‍ വിദേശത്ത് മരിച്ചതിന്‍റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രവാസികളോടുളള സംസ്ഥാന സർക്കാർ നിലപാടിനെതിരെ യൂത്ത്കോണ്‍ഗ്രസ്സ് ജസ്റ്റിസ് മാർച്ച് സംഘടിപ്പിച്ചു. കരിപ്പൂർ വിമാനത്താവളം മുതല്‍ കോഴിക്കോട് വരെയുളള കാല്‍നട ജാഥക്ക് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ നേതൃത്വം നല്‍കി.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണെന്ന് നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനുമേറ്റ മറ്റൊരു തിരിച്ചടി കൂടിയാണിത് എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Anweshanam
www.anweshanam.com