
കൊച്ചി: പത്താനപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാല്‍. മറ്റുള്ളവരെ കേൾക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ ഗുണം. മറ്റുള്ളവർ ദുഃഖം തീർക്കാനും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിന് ഉള്ളതെന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നു.
"പത്തനാപുരത്തെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളിൽ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. പുതിയ വികസന സ്വപ്നങ്ങളും ആശയങ്ങളും പങ്കുവയ്ക്കുമ്പോൾ അഭിനയത്തേക്കാൾ ഉപരി പത്തനാപുരത്തോടുള്ള വലിയ അഭിനിവേശം ഞങ്ങൾ കാണാറുണ്ട്.
ഗണേഷിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. നിങ്ങൾ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതിൽ ഗണേഷ്കുമാറിന്റെ സംഭാവന എന്നേക്കാൾ നിങ്ങൾക്ക് നന്നായി അറിയാം. പ്രിയ സഹോദരൻ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങൾ പൂർത്തീകരിക്കുവാൻ നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം.
മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്"- മോഹൻലാല്‍ പറഞ്ഞു.