ഒരു തരി സ്വർണമില്ല, പത്തൊമ്പതര സെന്റ് സ്ഥലവും വീടും ഉണ്ട്; സ്വത്ത് വിവരം വ്യക്തമാക്കി കെ ടി ജലീൽ

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 6 തവണയാണ് വിദേശ യാത്ര നടത്തിയത്
ഒരു തരി സ്വർണമില്ല, പത്തൊമ്പതര സെന്റ് സ്ഥലവും വീടും ഉണ്ട്; സ്വത്ത് വിവരം വ്യക്തമാക്കി കെ ടി ജലീൽ

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വത്ത് വിവരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നില്‍ വെളിപ്പെടുത്തി മന്ത്രി കെടി ജലീല്‍. ‌അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി ആവശ്യപ്പെട്ടത് ആനുസരിച്ചാണ് സ്വത്ത് വിവരം ഒദ്യോഗികമായി അറിയിച്ചത്. പത്തൊമ്പതര സെന്‍റും വീടുമാണ് തനിക്കുള്ളതെന്നാണ് ഇഡിക്ക് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ കെടി ജലീല്‍ പറയുന്നു.

ഭാര്യയോ മക്കളോ സ്വര്‍ണം ധരിക്കുന്നവരല്ല, ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ലെന്നും കെടി ജലീല്‍ പറയുന്നു. കനാറ ബാങ്ക് വാളഞ്ചേരി ശാഖയിലെ 5 ലക്ഷം രൂപയുടെ ഹോം ലോണ്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ 2 കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകളും മന്ത്രിക്കുണ്ട്.

1.50 ലക്ഷം രൂപയില്‍ താഴെ വരുന്ന ഫര്‍ണിച്ചറുകളും 1500 പുസ്തകളും വീട്ടിലുണ്ട്. നാലര ലക്ഷം രൂപ സ്വന്തം സമ്പാദ്യമായി കയ്യിലുണ്ടെന്നും 27 വര്‍ഷത്തെ ശമ്പള സമ്പാദ്യമായി 22 ലക്ഷം രൂപ ഭാര്യയുടെ കൈവശമുണ്ടെന്നും സ്വത്ത് വിവരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 36000 രൂപ മകള്‍ക്ക് ബാങ്ക് ബാലന്‍സായി ഉണ്ട്. മകന്‍റെ ബാങ്ക് ബാലന്‍സ് 500 രൂപമാത്രമാണെന്നും മന്ത്രി പറയുന്നു.

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 6 തവണയാണ് വിദേശ യാത്ര നടത്തിയത്. 2 തവണ യുഎഇയിലേക്ക് യാത്ര ചെയ്തു. ഒരു തവണ റഷ്യയിലും, 1 തവണ അമേരിക്കയിലും, 1 തവണ മാലി ദ്വീപിലും, 1 തവണ ഖത്തറിലും പോയിട്ടുണ്ടെന്നും മന്ത്രി എന്‍ഫോഴ്മെന്‍റ് ഡയറക്ടേറ്റിന് മുന്നില്‍ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com