വിജയ് പി നായരുടേത് ഹീനമായ പ്രവൃത്തി; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച്‌ കെ കെ ശൈലജ

വിജയ് പി നായര്‍ക്കെതിരെ ഐ.പി.സി. സെക്ഷന്‍ 509 പ്രകാരവും, കെ.പി. ആക്ട് സെക്ഷന്‍ 120 പ്രകാരവുമാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
വിജയ് പി നായരുടേത് ഹീനമായ പ്രവൃത്തി; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച്‌ കെ കെ ശൈലജ

തിരുവനന്തപുരം : അശ്ലീല വീഡിയോകളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. അവര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും, പ്രതികരിച്ച മാര്‍ഗം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യൂട്യൂബ് ചാനലിലൂടെ വളരെ മോശം പരാമര്‍ശമാണ് സ്ത്രീകള്‍ക്കെതിരെ വിജയ് പി. നായര്‍ നടത്തിയതെന്നും, ഇയാള്‍ക്കെതിരെ കേസെടുക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കുന്നത് തെറ്റല്ല, പിന്നെ പ്രതികരണം ഏത് അറ്റം വരെ എന്നുള്ള കാര്യമൊക്കെ നിയമപരമായി തീരുമാനിക്കുന്നതാണെന്നും മന്ത്രി പറയുന്നു.

ഭാഗ്യലക്ഷ്മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രതികരിച്ചതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ചതിന്റെ മാര്‍ഗമൊക്കെ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷെ ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച്‌ ഇടപെടണമെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകളെ അപമാനിച്ച് വിജയ് പി നായര്‍ എന്നയാള്‍ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് സിറ്റി സൈബര്‍ സെല്ലിന് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി മ്യൂസിയം പോലീസിന് കൈമാറുകയും ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. വിജയ് പി നായര്‍ക്കെതിരെ ഐ.പി.സി. സെക്ഷന്‍ 509 പ്രകാരവും, കെ.പി. ആക്ട് സെക്ഷന്‍ 120 പ്രകാരവുമാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Stories

Anweshanam
www.anweshanam.com