ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം
Kerala

ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

നേതൃത്വം. ചോദ്യംചെയ്യപ്പെടുന്നവരെല്ലാം രാജിവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ രാജിവെക്കലിന് അവസാനമില്ലാതാകുമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു

News Desk

News Desk

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു എന്നതിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ചോദ്യംചെയ്യപ്പെടുന്നവരെല്ലാം രാജിവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ രാജിവെക്കലിന് അവസാനമില്ലാതാകുമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.

കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കോടതി ഉള്‍പ്പടെ നിരീക്ഷിച്ച സംഭവമുണ്ട്. അതുകൊണ്ട് ചോദ്യംചെയ്തു എന്നതിന്റെ പേരില്‍ രാജി വെക്കേണ്ടതില്ല. ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിക്കുകയാണെങ്കില്‍ രാജി ഉള്‍പ്പടെയുളള കാര്യങ്ങള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സി ഒരാളോട് വിവരങ്ങള്‍ ആരായുന്നുവെന്നുളളത് നിയമവ്യവസ്ഥയുടെ ഭാഗമായിട്ടുളള കാര്യമാണെന്നും അതിന്റെ ഭാഗമായി അയാള്‍ കുറ്റാരോപിതനാവുകയോ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ആരില്‍നിന്ന് വേണമെങ്കിലും വിശദാംശങ്ങള്‍ സ്വീകരിക്കാവുന്നതേയുളളൂ. അത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ജലീലിന്‍റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമെന്നും രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബിജെപിയും മന്ത്രിയുടെ രാജിക്കായി കടുപ്പിക്കുകയാണ്.

Anweshanam
www.anweshanam.com