കോവിഡ് രോഗിയുമായി സമ്പര്‍ക്കം; മന്ത്രി കെ.രാജു നിരീക്ഷണത്തില്‍
തിരുവനന്തപുരം: കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വനം മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പോയി. കുളത്തൂപ്പുഴയില്‍ ഇന്നലെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മന്ത്രി സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മന്ത്രിയുടെ ഗണ്‍മാനും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്. കോവിഡ് രോഗിയുമായി മന്ത്രിക്ക് അടുത്ത സമ്ബര്‍ക്കം ഉണ്ടായിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരീക്ഷണമെന്ന് മന്ത്രിയുമായി ബന്ധപെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററിൽ പെട്ട കൊച്ചുതുറയിൽ വൃദസദനത്തിലെ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജോലിക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അന്തേവാസികൾ എല്ലാവരും ഏറെ പ്രായം ചെന്നവരാണ്. ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.