ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്ത് മന്ത്രി ജി സുധാകരന്‍
Kerala

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്ത് മന്ത്രി ജി സുധാകരന്‍

ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഈ മാസം ആറാം തീയതിയാണ് ക്യാന്‍സര്‍ ബാധിതനായ സനീഷ് ജോസഫിനെ രജിസ്ട്രാര്‍ നിര്‍ബന്ധിച്ചത്

News Desk

News Desk

ഇടുക്കി : ക്യാന്‍സര്‍ ബാധിച്ച്‌ അവശനിലയിലായിരുന്ന കട്ടപ്പന സ്വദേശിയെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി കട്ടപ്പന മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ട് എത്തണമെന്ന ശഠിച്ച സബ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്ത് മന്ത്രി ജി സുധാകരന്‍.

ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഈ മാസം ആറാം തീയതിയാണ് ക്യാന്‍സര്‍ ബാധിതനായ സനീഷ് ജോസഫിനെ രജിസ്ട്രാര്‍ നിര്‍ബന്ധിച്ചത്. ഇതു പ്രകാരം ആംബുലന്‍സില്‍ ഓഫീസ് പരിസരത്ത് എത്തിച്ച സനീഷിനെ കസേരയിലിരുത്തി മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്.

കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം മരിച്ചു.

കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻ്റ് ചെയ്തതായി മന്ത്രി അറിയിച്ചു. ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിൻ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിർഭാഗ്യവശാൽ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട പരിഗണനയോടെ റിപ്പോർട്ട് ചെയ്ത് കണ്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

Anweshanam
www.anweshanam.com