
തിരുവനന്തപുരം: പൊതു പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ വ്യാജ വാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുകയാണെന്ന് മന്ത്രി ഇപി ജയരാജന്. ആ കൂട്ടത്തില്‍ ഒന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ പരാമര്‍ശിച്ചു നല്കിയ അടിസ്ഥാനരഹിതമായ വാര്‍ത്തയെന്നു മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
എല്‍ ഡി എഫ് ഗവണ്മെന്റിനെയും സി പി ഐ എമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്. ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും.
'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്നങ്ങള്‍ ഉടലെടുത്തു എന്നാണു ഏഷ്യാനെറ്റ് വാര്‍ത്ത. ആ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ല.
സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്മെന്റിനെയും സി പി ഐഎ എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സി പി ഐ എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കുമെന്നും ജയരാജന് പറഞ്ഞു.