ലൈഫ് മിഷൻ അപകീർത്തി കേസ്​: അനിൽ അക്കര എംഎൽഎക്കെതിരെ മന്ത്രി എ സി മൊയ്​തീന്റെ മൊഴി രേഖപ്പെടുത്തി

ലൈഫ് മിഷൻ അപകീർത്തി കേസ്​: അനിൽ അക്കര എംഎൽഎക്കെതിരെ മന്ത്രി എ സി മൊയ്​തീന്റെ മൊഴി രേഖപ്പെടുത്തി

തെറ്റായ വാർത്ത പിൻവലിച്ച് മാപ്പപേക്ഷിക്കാനും തുല്യപ്രാധാന്യത്തിൽ വിവരം പ്രസിദ്ധീകരിക്കാനും ഒരു കോടി രൂപ നഷ്​ടപരിഹാരം വേണമെന്ന്​ ആവശ്യപ്പെട്ടുമാണ്​‌ വക്കീൽ നോട്ടീസയച്ചത്

തൃശൂർ: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എയ്ക്കും ഒരു വാര്‍ത്താ ചാനലിനുമെതിരെ മന്ത്രി എ സി മൊയ്തീന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ മന്ത്രിയുടെ മൊഴി കോടതി രേഖപ്പെടുത്തി. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ആണ് മൊഴി രേഖപ്പെടുത്തിയത്.

വടക്കാഞ്ചേരിയില്‍ യുഎഇ റെഡ്‌ക്രസന്റ്‌ ഭവനരഹിതര്‍ക്കായി സൗജന്യമായി നിര്‍മിച്ചുനല്‍കുന്ന ഫ്ളാറ്റിന്റെ പേരില്‍ അഴിമതിയാരോപണം ഉന്നയിച്ചതിനായിരുന്നു മന്ത്രി എ സി മൊയ്‌തീന്‍ പരാതി നല്‍കിയത്.

തനിക്ക് നേരിട്ട മാനഹാനിക്ക് ഉത്തരവാദികളായ അനിൽ അക്കര എംഎൽഎ, സ്വകാര്യ ചാനൽ അവതാരക, ചാനൽ എഡിറ്റർ, സ്വകാര്യ പത്രം പ്രിൻററും പബ്ലിഷറുമായ വ്യക്തി എന്നിവർക്കെതിരെ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ്‌ മന്ത്രിയുടെ മൊഴി കോടതി രേഖപ്പെടുത്തിയത്‌.

തന്റെ 43 വർഷത്തെ പൊതുജീവിതം സുതാര്യവും കളങ്കരഹിതവുമാണ്‌. തനിക്ക്‌ പൊതുസമൂഹത്തിലുള്ള സ്വീകാര്യതക്കും മതിപ്പിനും ക്ഷതമുണ്ടാക്കാനുദ്ദേശിച്ച് രാഷ്ട്രീയ വിരോധംമൂലം കരുതിക്കൂട്ടി അപവാദം പ്രചരിപ്പിക്കുകയാണ്‌. തെറ്റായ വാർത്ത പിൻവലിച്ച് മാപ്പപേക്ഷിക്കാനും തുല്യപ്രാധാന്യത്തിൽ വിവരം പ്രസിദ്ധീകരിക്കാനും ഒരു കോടി രൂപ നഷ്​ടപരിഹാരം വേണമെന്ന്​ ആവശ്യപ്പെട്ടുമാണ്​‌ വക്കീൽ നോട്ടീസയച്ചത്​.

എതിർകക്ഷികൾ അതിന് തയാറായില്ല. എതിർകക്ഷികളെ ശിക്ഷിച്ച് തന്റെ മാനഹാനിക്ക് പരിഹാരമുണ്ടാക്കണമെന്ന്​ മന്ത്രി കോടതിയിൽ ബോധിപ്പിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് പി ടി പ്രകാശനാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. മന്ത്രിക്കുവേണ്ടി അഡ്വ കെ ബി മോഹൻദാസ് ഹാജരായി. സാക്ഷി മൊഴിയെടുക്കാൻ കേസ്‌ ഡിസംബർ 21ലേക്ക്‌ മാറ്റി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com