എംജി സര്‍വ്വകലാശാല രജിസ്ട്രാറുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് പരാതി

റിപ്പോര്‍ട്ട് തേടി ഗവര്‍ണ്ണര്‍.
എംജി സര്‍വ്വകലാശാല രജിസ്ട്രാറുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് പരാതി

കോട്ടയം: എംജി സര്‍വകലാശാല രജിസ്ട്രാര്‍ തസ്തികയിലേക്കുള്ള യോഗ്യതയായി സര്‍വകലാശാല സമിതിക്ക് മുൻപാകെ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് പരാതി. ഭരണപരിചയ രംഗത്ത് ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് രജിസ്ട്രാര്‍ ഡോ ബി പ്രകാശ് കുമാര്‍ നല്‍കിയതെന്നാണ് ഗവര്‍ണ്ണര്‍ക്ക് ലഭിച്ച പരാതി.

അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഗവര്‍ണ്ണര്‍ എംജി വിസിയോട് ആവശ്യപ്പെട്ടു. പാലാ സെന്‍റ് തോമസ് കോളേജില്‍ ബയോകെമിസ്ട്രി വിഭാഗം തലവനായി 1995 മുതല്‍ 2010 വരെ പ്രവര്‍ത്തിച്ചെന്ന സര്‍ട്ടിഫിക്കറ്റാണ് ഡോ പ്രകാശ് സമര്‍പ്പിച്ചത്. ഈ കോളേജില്‍ കെമിസ്ട്രി വിഭാഗത്തിന്‍റെ ഭാഗമാണ് ബയോകെമിസ്ട്രിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ബയോകെമിസ്ട്രിയില്‍ ഡോ.പ്രകാശ് മാത്രമായിരുന്നു അധ്യാപകൻ. ഒരധ്യാപകൻ മാത്രമുള്ള ബയോകെമിസ്ട്രി പ്രത്യേക ഡിപ്പാര്‍ട്ട്മെന്‍റായി കണക്കാക്കാനാകില്ലെന്ന് പരാതിയില്‍ പറയുന്നു. വകുപ്പ് തലവനായിരുന്നെന്ന അദ്ദേഹത്തിന്‍റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുംആക്ഷേപമുണ്ട്.

മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിട്ട് നടപടിയില്ലാത്ത് കൊണ്ടാണ് ഒരു വിഭാഗം അധ്യാപകര്‍ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്. കോളേജ് അല്ലെങ്കില്‍ സര്‍വകലാശാല തലത്തില്‍ പത്ത് വര്‍ഷത്തെ അധ്യാപന പരിചയവും ഭരണരംഗത്ത് അഞ്ച് വര്‍ഷത്തെ പരിചയവുമാണ് രജിസ്ട്രാര്‍ സ്ഥാനത്തേക്ക് യുജിസി നിഷ്കര്‍ഷിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത.

പാലാ സെന്‍റ് തോമസിലെ ബയോകെമിസ്ട്രി വിഭാഗത്തെ പ്രത്യേക ഡിപ്പാര്‍ട്ട്മെന്‍റായി അംഗീകരിച്ചിട്ടുണ്ടെന്നാണ് രജിസ്ട്രാര്‍ ഡോ പ്രകാശ് കുമാറിന്‍റെ വിശദീകരണം. രേഖകള്‍ പരിശോധിക്കാൻ പ്രോ വൈസ്ചാൻസിലറെ ചുമതലപ്പെടുത്തിയെന്ന് എംജി വിസിയും പ്രതികരിച്ചു.

Related Stories

Anweshanam
www.anweshanam.com