രൂപേഷിൻ്റെ പേരിലുള്ള യുഎപിഎ റദ്ദാക്കിയതിനെതിരായ അപ്പീൽ സർക്കാർ പിൻവലിക്കണമെന്ന് റെഡ് സ്റ്റാർ
Kerala

രൂപേഷിൻ്റെ പേരിലുള്ള യുഎപിഎ റദ്ദാക്കിയതിനെതിരായ അപ്പീൽ സർക്കാർ പിൻവലിക്കണമെന്ന് റെഡ് സ്റ്റാർ

എല്ലാ രംഗത്തും ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കുന്ന മോദി സർക്കാരിന്റെ പാതയിലാണ് പിണറായി സർക്കാരും മുന്നോട്ടു പോകുന്നതെന്ന് എം.കെ. ദാസൻ

M Salavudheen

കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിൻ്റെ പേരിൽ ചുമത്തിയ യുഎപിഎ കേസുകൾ ഹൈക്കോടതി റദ്ദാക്കിയിട്ടും അതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി കേരള സർക്കാർ പിൻവലിക്കണമെന്ന് സിപിഐ (എംഎൽ) റെഡ് സ്റ്റാർ. അപ്പീൽ നൽകിയ കേരള സർക്കാരിന്റെ നടപടി ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളേയും വെല്ലുവിളിക്കുന്നതും യുഎപിഎ വിഷയത്തിലുള്ള സിപിഐഎം ഇരട്ടത്താപ്പിനെ വെളിപ്പെടുത്തുന്നതുമാണെന്ന് സിപിഐ (എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ അറിയിച്ചു.

എല്ലാ രംഗത്തും ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കുന്ന മോദി സർക്കാരിന്റെ പാതയിലാണ് പിണറായി സർക്കാരും മുന്നോട്ടു പോകുന്നതെന്ന് എം.കെ. ദാസൻ വ്യക്തമാക്കി. ഏതെങ്കിലും നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ആരെങ്കിലും ഏർപ്പെടുന്നുവെങ്കിൽ അവരെ നിയമപരമായി നേരിടുന്നതിനു പകരം, നിയമ വ്യവസ്ഥയെ അട്ടിമറിച്ച് ഏഴു പേരെ വെടിവെച്ചു കൊന്നതും യു.എ.പി.എയുടെ കാര്യത്തിൽ മോദി സർക്കാരിന്റെ നിലപാടല്ല തങ്ങൾക്കെന്നു പറയുകയും പോസ്റ്റർ ഒട്ടിച്ചതിനും പുസ്തകങ്ങൾ സൂക്ഷിച്ചതിനുമൊക്കെ യുഎപിഎ ചുമത്തി നിരവധി ചെറുപ്പക്കാരെ ജയിലിലടക്കുകയും സോഷ്യൽ മീഡിയ കമൻറുകൾക്കു വരെ കേസെടുക്കുകയും ചെയ്യുന്നതെന്നും ഇത് വ്യക്തമാക്കുന്നതാണെന്നും ദാസൻ വ്യക്തമാക്കി.

മാവോയിസ്റ്റാണെന്നത് ഒരു കുറ്റകൃത്യമല്ലന്ന് കോടതികൾ പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ജനാധിപത്യത്തെ തകർക്കുന്ന മോദി മോഡൽ നയങ്ങൾ അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും രൂപേഷിനെതിരെ യു.എ.പി.എ നിലനിർത്താൻ സുപ്രീം കോടതിയെ സമീപിച്ച ഹർജി പിൻവലിക്കണമെന്നും അലനും താഹയും ഉൾപ്പെടെയുള്ള യുഎപിഎ തടവുകാരെ വിട്ടയക്കണമെന്നും സിപിഐ (എംഎൽ) റെഡ് സ്റ്റാർ ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com