വ്യാജവാര്‍ത്തയ്ക്ക് മാപ്പ് പറഞ്ഞതിനു പിന്നാലെ മനോരമ റിപ്പോര്‍ട്ടര്‍ ഭീഷണിപ്പെടുത്തി
Kerala

വ്യാജവാര്‍ത്തയ്ക്ക് മാപ്പ് പറഞ്ഞതിനു പിന്നാലെ മനോരമ റിപ്പോര്‍ട്ടര്‍ ഭീഷണിപ്പെടുത്തി

കളമശേരി മെഡിക്കല്‍ കോളേജ് അധികൃതരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

By News Desk

Published on :

കൊച്ചി: കളമശേരി ഗവ. മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തയ്ക്ക് മനോരമ ചാനല്‍ മാപ്പുപറഞ്ഞതിനു പിന്നാലെ, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ മൊഴി. ധൈര്യമുണ്ടെങ്കില്‍ തങ്ങള്‍ക്കെതിരെ കേസ് കൊടുത്തു നോക്കെന്ന് റിപ്പോര്‍ട്ടര്‍ വെല്ലുവിളിച്ചതായും ഡോക്ടര്‍ പറഞ്ഞു.

കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട് എന്നിവര്‍ വ്യാജവാര്‍ത്തയ്ക്കെതിരെ കളമശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് ചാര്‍ജ് ചെയ്യുന്നതിന്റെ മുന്നോടിയായി ബുധനാഴ്ച മൊഴിയെടുത്തപ്പോഴാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ അനാസ്ഥ നടക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു മനോരമ ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ദൃശ്യങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജിലേതല്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ രംഗത്തെത്തിയതോടെ ദൃശ്യങ്ങള്‍ മാറിപ്പോയതാണെന്ന് പറഞ്ഞ് മാപ്പ് പറയുകയായിരുന്നു മനോരമ ന്യൂസ്.

വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിനുമുമ്പ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍ എന്നിവരോട് മനോരമ റിപ്പോര്‍ട്ടര്‍ ഇക്കാര്യം അന്വേഷിച്ചിരുന്നു. എന്നാല്‍, അങ്ങനെയൊരു സംഭവമോ സാഹചര്യമോ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് വ്യാജവാര്‍ത്ത നല്‍കിയതെന്ന് അധികൃതര്‍ പറയുന്നു.

സാമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വാര്‍ത്ത നിഷേധിക്കാതെ, ദൃശ്യം മാറിപ്പോയതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മനോരമ മാപ്പുപറഞ്ഞത്. ഇതിനുപിന്നാലെയായിരുന്നു വാട്സാപ്പിലൂടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത യുവതി ഭീഷണിപ്പെടുത്തിയത്. മറ്റ് ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതി തങ്ങളുടെ കൈവശമുണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കൂ എന്ന് വെല്ലുവിളിക്കുകയായിരുന്നെന്നും ഡോക്ടര്‍ മൊഴിയില്‍ പറഞ്ഞു.

വ്യാജവാര്‍ത്ത ചമയ്ക്കുക, മെഡിക്കല്‍ കോളേജിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുക, ജോലിക്ക് തടസ്സമുണ്ടാക്കുക, കലാപസമാന സാഹചര്യമുണ്ടാക്കുക എന്നീ ആക്ഷേപങ്ങളാണ് മെഡിക്കല്‍ കോളേജ് പരാതിയില്‍ ഉന്നയിച്ചത്.

പുരുഷന്‍മാരെയും സ്ത്രീകളെയും ഒരേ വാര്‍ഡില്‍ കിടത്തിയിരിക്കുന്നു, രോഗികള്‍ തമ്മില്‍ അകലം പാലിക്കുന്നില്ല, പ്രായാധിക്യവും ഗുരുതരാവസ്ഥയുമുള്ള രോഗിയുടെ തൊട്ടടുത്ത് മാനസികവൈകല്യമുള്ള കൈകാലുകള്‍ കെട്ടിയ കുട്ടിയെ കിടത്തിയിരിക്കുന്നു, മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരുന്നിട്ടും രോഗികളെ ദുരിതത്തിലാക്കുന്നു തുടങ്ങിയ ആരോപണങ്ങളായിരുന്നു മനോരമ സംപ്രേഷണം ചെയ്ത വാര്‍ത്തയിലുണ്ടായിരുന്നത്.

എന്നാല്‍ ചാനല്‍ റിപ്പോര്‍ട്ടില്‍ കാണിച്ച ദൃശ്യങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജിലേതല്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയതോടെ ദൃശ്യങ്ങള്‍ പരസ്പരം മാറിപ്പോയതാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേതാണ് ദൃശ്യങ്ങളെന്നും ചാനല്‍ തിരുത്തി. എന്നാല്‍ ദൃശ്യങ്ങള്‍ക്കിടയില്‍ കാണിച്ച ബോര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നതും വിവാദമായിരുന്നു.

Anweshanam
www.anweshanam.com