കാപ്പനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടി രൂപീകരണത്തിൽ ഉറച്ച് കാപ്പൻ മുന്നോട്ട്

എൻസിപിയെ പിളര്‍ത്തി എൽഡിഎഫ് വിട്ട് വന്ന മാണി സി കാപ്പനെ എങ്ങനെ ഉൾക്കൊള്ളണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത
 കാപ്പനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടി രൂപീകരണത്തിൽ ഉറച്ച് കാപ്പൻ മുന്നോട്ട്

ന്യൂഡല്‍ഹി: യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ മാണി സി.കാപ്പന്‍ എംഎല്‍എയെ എന്‍സിപിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കി. ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചതാണ് കാരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കാപ്പന്റേതെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ശരത് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുരത്താക്കിയതെന്ന് എന്‍സിപി സെക്രട്ടറി എസ്.ആര്‍.കോലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

എല്‍ഡിഎഫ് പാലാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കാപ്പന്‍ യുഡിഎഫ് ചേരിയിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയില്‍ പങ്കെടുക്കുകയും ചെയ്തു.

യു.ഡി.എഫ്. പ്രവേശനത്തിനുശേഷം പാലായില്‍ ചേര്‍ന്ന മാണി സി. കാപ്പന്‍ വിഭാഗം യോഗം പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചിരുന്നു. 28-നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷന്‍ എന്നിവയെക്കുറിച്ചു തീരുമാനിക്കാന്‍ മാണി സി. കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗസമിതിയെ ചുമതലപ്പെടുത്തി. സര്‍ക്കാരില്‍നിന്ന് ലഭിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കാപ്പനോടൊപ്പമുള്ളവര്‍ ഉടന്‍ രാജിവെക്കും.

അതേസമയം, എൻസിപിയെ പിളര്‍ത്തി എൽഡിഎഫ് വിട്ട് വന്ന മാണി സി കാപ്പനെ എങ്ങനെ ഉൾക്കൊള്ളണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത. കാപ്പൻ കോൺഗ്രസിന്‍റെ ഭാഗമാകണമെന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നുമാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവര്‍ത്തിക്കുന്നത്. അതേസമയം, കാപ്പന്‍റെ പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കുന്നതിൽ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പിജെ ജോസഫുമാണ് കാപ്പനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇക്കാര്യത്തില്‍ കാര്യമായ റോളില്ലാതിരുന്ന മുല്ലപ്പള്ളിയാകട്ടെ ഹൈക്കമാന്‍ഡിന്‍റെ അനുമതിയോടെയേ പുതിയ ഘടകകക്ഷിയെ ഉള്‍പ്പെടുത്താനാകൂ എന്ന നിലപാടിലാണ് . മുന്നണിയില്‍ വന്നാല്‍ പാലാ കൂടാതെ കാപ്പന്‍ കൂടുതല്‍ സീറ്റ് ചോദിക്കുമെന്നും ഇതൊഴിവാക്കാന്‍ കാപ്പനെ കോണ്‍ഗ്രസില്‍ എടുക്കുന്നതാണ് ഉചിതമെന്നുമാണ് മുല്ലപ്പള്ളി വാദിക്കുന്നത്. എന്നാല്‍ കാപ്പനെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ ധാരണയുണ്ടായിരുന്നുവെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com