തൃശ്ശൂരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; ഒരാള്‍ പിടിയില്‍
അഞ്ച് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്.
തൃശ്ശൂരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; ഒരാള്‍ പിടിയില്‍

തൃശ്ശൂര്‍: നടുറോഡില്‍ വെച്ച് യുവാവിനെ വെട്ടിക്കൊന്ന സംഘത്തിലെ ഒരാള്‍ പിടിയിലായി. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിലിനെ വെട്ടിക്കൊന്ന കേസില്‍ മുറ്റിച്ചൂര്‍ സ്വദേശി സനല്‍ ആണ് കസ്റ്റഡിയിലായത്. അഞ്ച് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. ഇതിൽ സനലിനെ പിടികൂടിയത് തൃശൂരിൽ നിന്നാണ്.

ശനിയാഴ്ച രാവിലെ 11.30 തോടെയായിരുന്നു നാലംഗ സംഘം നിധിലിനെ കൊലപ്പെടുത്തിയത്. കാരമുക്ക് അഞ്ചങ്ങാടി റോഡിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു നിധിലിന് നേരേ ആക്രമണമുണ്ടായത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധില്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍.

നിധിലിന്റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘം നിധിലിന്റെ കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തേക്ക് വീണ നിധിലിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നിധിലിനെ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരണം സംഭവിക്കുകയായിരുന്നു. ആദര്‍ശ് കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് നിധിലിന്റെ കൊലപാതകമെന്നാണ് പൊലീസ് നിഗമനം.

ഇക്കഴിഞ്ഞ ജൂലൈയിലാണ് അന്തിക്കാട് സ്വദേശിയായ ആദര്‍ശിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യ പ്രതിയായിരുന്നു നിധില്‍. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ സിപിഐഎം ആണെന്നുമാണ് ബിജെപിയുടെ ആരോപണം.

കൊലയ്ക്ക് സാഹചര്യമൊരുക്കിയത് മന്ത്രി എസി മൊയ്തീനാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Related Stories

Anweshanam
www.anweshanam.com