
പൃഥ്വിരാജ് അഭിനയിച്ച ഹിറ്റ് ചിത്രമായ ‘റോബിൻ ഹുഡ്’ കണ്ട് മോഷണത്തിനിറങ്ങിയ യുവാവ് പിടിയിൽ. പാലക്കാട് സ്വദേശിയായ 37കാരൻ രഞ്ജിത്ത് കുമാറാണ് പിടിയിലായത്. ശനിയാഴ്ച തൃശൂർ കൊരട്ടി മുരിങ്ങൂർ ജംഗ്ഷനിലെ ഫെഡറൽ ബാങ്കിൽ മോഷണ ശ്രമം നടന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതിയാണിയാൾ.
‘റോബിൻ ഹുഡ്’ കണ്ടാണ് രഞ്ജിത്ത് കുമാർ മോഷണത്തിനുള്ള പദ്ധതി മെനഞ്ഞത്. ഇന്റർനെറ്റിൽ തിരഞ്ഞ് എടിഎം മെഷീനുകളുടെ പ്രത്യേകതകളും സുരക്ഷയും മറ്റും മനസിലാക്കി. പൊലീസ് നൈറ്റ് പട്രോൾ സംഘങ്ങളെ നിരീക്ഷിച്ച് ഉദ്യോഗസ്ഥർ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു മോഷണത്തിന് ഇറങ്ങിയിരുന്നത്.
ഉത്തരേന്ത്യൻ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് മുഖം മറച്ചായിരുന്നു ഇയാൾ എത്തിയിരുന്നത്. ഞായറാഴ്ച പുലർച്ചെ ചാലക്കുടി ചൗക്കയിലുള്ള എടിഎമ്മിലും മോഷണശ്രമം നടന്നു. പ്രദേശത്തെ അൻപതോളം സിസിടിവിയിൽ നിന്നുള്ള ദൃശ്യം പൊലീസ് പരിശോധിച്ചു. വിശദമായ പരിശോധനയ്ക്കിടെ 24 മണിക്കൂറിനിടെ പ്രതി പിടിയിലാകുകയായിരുന്നു.