മലയാറ്റൂര്‍ സ്ഫോടനം; പാറമട ഉടമകൾ ഒളിവിൽ

സംഭവത്തില്‍ പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയതായി ജില്ലാ കളക്ടർ അറിയിച്ചു.
മലയാറ്റൂര്‍ സ്ഫോടനം; പാറമട ഉടമകൾ ഒളിവിൽ

കൊച്ചി: മലയാറ്റൂരിൽ സ്ഫോടനമുണ്ടായ വിജയ പാറമടയുടെ ഉടമകൾ ഒളിവിൽ. മലയാറ്റൂർ നീലീശ്വരം സ്വദേശികളായ ബെന്നി പുത്തൻ, റോബിൻസ് എന്നിവരാണ് ഒളിവിൽ പോയത്. ബന്ധുവീടുകളിലും ഓഫീസുകളിലും പൊലീസ് പരിശോധന നടത്തി. കാലടി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.

സ്ഫോടനം നടന്ന സംഭവത്തിൽ പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനും (പെസോ) അന്വേഷണം തുടങ്ങി. ഇന്നലെ പുലർച്ചെയാണ് മലയാറ്റൂർ ഇല്ലിത്തോട് സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചത്.

അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ ക്വാറി ഉടമസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ക്വാറിക്കാവശ്യമായ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന മാഗസിൻ, മൂന്ന് കിലോമീറ്റർ അകലെയുള്ള കണിമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. ലൈസൻസോടെയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയതായി ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടറാണ് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തഹസീൽദാരുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എക്സ്പ്ളോസീവ്സ് ആക്റ്റ് പ്രകാരമാണ് അന്വേഷണം.

Related Stories

Anweshanam
www.anweshanam.com