
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ മലപ്പുറത്ത് കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവര്‍ രാജിവച്ചു. 33 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് ഒന്‍പത് വാര്‍ഡുകളില്‍ മാത്രമായിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ഇന്ന് ചേരും. നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത. അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.
തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. തോല്‍വിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പ്രവര്ത്തര്ത്തിടയില് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് അടക്കമുളളവര്‍ക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശമുയര്‍ന്നേക്കും. വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക്, സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നിവയില്‍ നേതൃത്വം മറുപടി പറയേണ്ടി വരും.