വയനാട്ടിൽ പശുക്കളിൽ ലംമ്പീസ് ചർമ്മ രോഗം വ്യാപിക്കുന്നു

10 പഞ്ചായത്തുകളിലായി 170 ഓളം പശുക്കൾക്ക് രോഗം ബാധിച്ചു.
വയനാട്ടിൽ പശുക്കളിൽ ലംമ്പീസ് ചർമ്മ രോഗം വ്യാപിക്കുന്നു

കല്‍പ്പറ്റ: വയനാട്ടിൽ പശുക്കളിൽ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു. ലംമ്പീസ് സ്കിൻ ഡിസീസ് ബാധയെ തുടർന്ന് പാലുൽപ്പാദനം ഗണ്യമായി കുറഞ്ഞു. പ്രതിരോധ വാക്സിൻ ലഭ്യമല്ലാതെ വന്നതോടെ ക്ഷീരകർഷകർ ആശങ്കയിലാണ്.

കാലിൽ നീരും ശരീരത്തിൽ തടിപ്പുമാണ് രോഗത്തിന്‍റെ ആദ്യ ലക്ഷണം. തുടർന്ന് ശരീരമാസകലം വൃണമാകും. അതിവേഗം വ്യാപിക്കുന്ന വൈറസ് രോഗത്തിനുള്ള പ്രതിരോധ വാക്സിന് കടുത്ത ക്ഷാമമാണ്. 100 ഡോസ് വാക്സിന് 9000 രൂപയാണ് വില. 10 പഞ്ചായത്തുകളിലായി 170 ഓളം പശുക്കൾക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

30 കിലോമീറ്റർ വരെ വായുവിലൂടെ രോഗം പടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. തൊഴുത്ത് അണുമുക്തമാക്കുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുകയാണ് പ്രതിരോധ മാര്‍ഗം. ഈച്ച , കൊതുക് എന്നിവയും രോഗം പരത്തും.

രോഗവ്യാപനം ഭയന്ന് മിക്ക കർഷകരും പശുതൊഴുത്ത് മൂടിയിട്ടിരിക്കുകയാണ്. ജന്തുരോഗ നിയന്ത്രണ പദ്ധതിനുസരിച്ച് 3000 ഡോസ് വാക്സിന് എത്തിച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കാലികളിലൂടെയാണ് രോഗം വന്നതെന്നാണ് കരുതുന്നത്.

Related Stories

Anweshanam
www.anweshanam.com