ലൈഫ് മിഷന്‍: യുണിടാക് എം ‍ഡി സന്തോഷ് ഈപ്പന്റെ മൊഴി വിജിലന്‍സ് വീണ്ടും രേഖപ്പെടുത്തും
Kerala

ലൈഫ് മിഷന്‍: യുണിടാക് എം ‍ഡി സന്തോഷ് ഈപ്പന്റെ മൊഴി വിജിലന്‍സ് വീണ്ടും രേഖപ്പെടുത്തും

എം ശിവശങ്കറിനെ കണ്ട കാര്യം സന്തോഷ് ഈപ്പന്‍ വിജിലന്‍സില്‍ നിന്ന് മറച്ചുവെച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്

News Desk

News Desk

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ യുണിടാക് എം ‍ഡി സന്തോഷ് ഈപ്പന്റെ മൊഴി വിജിലന്‍സ് വീണ്ടും രേഖപ്പെടുത്തും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കണ്ട കാര്യം സന്തോഷ് ഈപ്പന്‍ വിജിലന്‍സില്‍ നിന്ന് മറച്ചുവെച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 2 ന് സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം ശിവശങ്കറിനെ കണ്ടിരുന്നെന്നാണ് സന്തോഷ് ഈപ്പന്‍ ഇ ഡി ക്കു നല്‍കിയ മൊഴി. ഇക്കാര്യം പക്ഷേ വിജിലന്‍സില്‍ നിന്നും മറച്ചു വച്ചു. ഈ ദിവസമാണ് കമ്മീഷന്‍ കൈമാറിയതെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി.

അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സ്വര്‍ണകടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ സുഹൃത്ത് യദുവിനെ വിജിലന്‍സ് ഇന്നലെ ചോദ്യം ചെയ്തു. ഫ്ലാറ്റ് നിര്‍മ്മാണത്തിന്‍റെ കരാര്‍ ലഭിച്ച യുണിടാക്കിലെ ജീവനക്കാരനായിരുന്നു യദു. സന്ദീപ് വഴി സ്വപ്നയെ പരിചയപ്പെടാനാന്‍ സഹായിച്ചത് യദുവാണെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. മാത്രമല്ല കരാര്‍ ലഭിക്കാനായി 60 ലക്ഷം രൂപ സന്ദീപിന് നല്‍കിയിയെന്നും മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.

Anweshanam
www.anweshanam.com