ലൈഫ് മിഷന്‍: വിദേശസഹായത്തിന് കേന്ദ്രാനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യസെക്രട്ടറി
Kerala

ലൈഫ് മിഷന്‍: വിദേശസഹായത്തിന് കേന്ദ്രാനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യസെക്രട്ടറി

യു എ ഇ ഉദ്യോഗസ്ഥരെ വിട്ടുതരാന്‍ ഇന്ത്യക്ക് അവകാശപ്പെടാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി

News Desk

News Desk

ന്യൂഡല്‍ഹി: ലൈഫ് ഭവനപദ്ധതിക്ക് അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം. പദ്ധതിക്ക് യു എ ഇ സഹകരണം തേടിയിട്ടില്ലെന്ന കാര്യം വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് അറിയിച്ചത്. യു എ ഇ ഉദ്യോഗസ്ഥരെ വിട്ടുതരാന്‍ ഇന്ത്യക്ക് അവകാശപ്പെടാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ സ്ഥിരംസമിതിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തു. എന്‍.കെ പ്രേമചന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവുമാണ് വിഷയം സമിതിയില്‍ ഉന്നയിച്ചത്.

അനുമതി തേടാതെയാണ് സംസ്ഥാനസര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് പാര്‍ലമെന്ററി കാര്യ യോഗത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാര്‍ലമെന്ററി സമിതിയെ അറിയിച്ചിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസിന്റെ കൈയില്‍ നിന്ന് വിട്ടുകൊടുക്കുന്നതിന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസിന്റെ അനുമതി തേടേണ്ടതാണെന്നും അല്ലാതെ ബാഗേജ് വിട്ടുകൊടുക്കാനാകില്ലെന്നും കസ്റ്റംസ് അറിയിച്ചു.

റെഡ് ക്രസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി ഇല്ലെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ഖുറാന്‍ ഇറക്കുമതി ചെയ്ത സംഭവം നയതന്ത്ര ബന്ധത്തിന്റെ ഭാഗമാണെന്ന് കരുതാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷന്‍ ഫ്ലാറ്റിന് മുനിസിപ്പാലിറ്റിയുടെ നിര്‍മാണാനുമതിയില്ലെന്ന് വ്യക്തമായി. ആദ്യ പ്ളാന്‍ തയ്യാറാക്കിയ ഹാബിറ്റാറ്റിന് ലഭിച്ച നിര്‍മാണ അനുമതി ഉപയോഗിച്ചാണ് പുതിയ കരാറുകാരായ യൂണിടാക് നിര്‍മാണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണം പൂര്‍ത്തിയായശേഷം അനുമതി തേടാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നേരത്തേയുളള പ്ളാനില്‍ നിന്ന് വ്യത്യസ്തമായി പുതിയ പ്ളാനില്‍ ആശുപത്രി കൂടി ഉള്‍പ്പെട്ടതിനാല്‍ അനുമതി നിര്‍ബന്ധമായും വേണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

Anweshanam
www.anweshanam.com