ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറേയും സ്വപ്‌നയേയും പ്രതിചേര്‍ത്ത് വിജിലന്‍സ്

കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ
ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറേയും സ്വപ്‌നയേയും പ്രതിചേര്‍ത്ത് വിജിലന്‍സ്

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസും പ്രതിചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ശിവശങ്കര്‍ നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണുള്ളത്.

ശിവശങ്കറിനെ കൂടാതെ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരേയും പ്രതിചേര്‍ത്തിട്ടുണ്ട്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്. ഇവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്. നിലവില്‍ അട്ടകുളങ്ങര വനിത ജയിലില്‍ സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേട് കേസില്‍ വ്യക്തികളെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല. യൂണിടാക്, ലൈഫ്മിഷന്‍, പേര് ചേര്‍ക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിങ്ങനെയായിരുന്നു എഫ്.ഐ.ആറിലുണ്ടായിരുന്നത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ നാല് പേരുടേയും വിവരങ്ങൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ഈപ്പൻറെ കമ്പനികളെ പ്രതിചേർത്തിട്ടുണ്ടെങ്കിലും സന്തോഷ് ഈപ്പനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Related Stories

Anweshanam
www.anweshanam.com