ലൈഫ് മിഷന്‍: 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

രാവിലെ 11.30ന് ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും.
ലൈഫ് മിഷന്‍: 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും. രാവിലെ 11.30 ഓണ്‍ലൈനായാണ് ഉദ്ഘാടനം. സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന 29 സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങളുകളില്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ കല്ലിടല്‍ ചടങ്ങ് നടത്തും.

14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍ ഉയരുന്നുണ്ട്. 1285 കുടുംബങ്ങള്‍ക്കാണ് ഈ സമുച്ചയങ്ങളിലൂടെ വീട് ലഭിക്കുക. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 101 ഭവന സമുച്ചയങ്ങള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 12 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

'ഒരു വർഷത്തിനകം 101 ഭവന സമുച്ചയമാണ് സർക്കാർ ലക്ഷ്യം. സുരക്ഷിതമായി കഴിയാൻ സ്വന്തമായി ഒരിടം എന്ന ആഗ്രഹവുമായി മുന്നോട്ടു പോകുന്ന ജനതയുടെ ആഗ്രഹ സഫലീകരണത്തിനുള്ള പ്രയത്നത്തിലാണ് സർക്കാർ. പ്രതിസന്ധികളെ തട്ടിമാറ്റി മുന്നോട്ടു പോകാൻ നിങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകും' ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണിവ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com