തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഒരു മുന്നേറ്റവും ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിമൂന്ന് ജില്ലകളില്‍ എല്‍ ഡി എഫിന് ഇത്തവണ മുന്‍തൂക്കമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാകുമെന്നും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ പട്ടിണിയിലിടാത്ത സര്‍ക്കാരാണിത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തിയ സര്‍ക്കാരാണിത്. സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ ബോധപൂര്‍വ്വം അന്തിചര്‍ച്ചകള്‍ക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്. ഭക്ഷണവും വീടും വേണമെന്നതായിരുന്നു ജനങ്ങളുടെ പ്രശ്നം. അത് ഉറപ്പുവരുത്തിയ സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിന്‌ശേഷം യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകും. ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂട്ടിയ കേരളത്തിലെ കോണ്‍ഗ്രസിന്റെ നയത്തെ അഖിലേന്ത്യ കോണ്‍ഗ്രസ് പോലും എതിര്‍ക്കുകയാണ്. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഒരു മുന്നേറ്റവും ഉണ്ടാകാനിടയില്ല. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെയാണ്. അത് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാണാം. എല്ലാ കുതന്ത്രങ്ങളെയും കേരളത്തിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. അതുകൊണ്ട് തന്നെ അക്കാര്യം മുഖ്യമന്ത്രി പറഞ്ഞതില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്നും കോടിയേരി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ ചികില്‍സ നടക്കുകയാണ്. ചികില്‍സയുടെ ഭാഗമായിട്ട് ലീവെടുത്ത് മാറിനില്‍ക്കുകയാണ്. ചികില്‍സ കഴിയട്ടെ അതിന് ശേഷം പറയാമെന്ന് കോടിയേരി പറഞ്ഞു. കണ്ണൂരില്‍ കള്ളവോട്ട് നടക്കുന്നു എന്നത് എല്ലാക്കാലത്തും പറയുന്നതാണെന്നും കോടിയേരി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com