
മുളങ്കുന്നത്തുകാവ്: കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിനെ തലയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കോവിഡിനെ തുടര്‍ന്നായിരുന്നു എം.എല്‍.എയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഇവിടെ മറ്റ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന ഐ.സിയുവില്‍ ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശോധനയില്‍ തലയുടെ വലതുവശത്ത് രക്തസ്രാവം കണ്ടെത്തി. പ്രഷര്‍ കൂടുതലായതിനെ തുടര്‍ന്നായിരുന്നു ഇത്.
സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൻ്റെ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശ്ശൂർ മെഡിക്കൽ കോളേജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തലച്ചോറിലുണ്ടായ രക്തസമ്മർദ്ദം കുറയ്ക്കാനാണ് ന്യൂറോ സർജൻമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയതെന്നും എംഎൽഎയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ.വി.വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിൻ്റെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവർത്തിച്ച വിജയദാസ് 2011-ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.