
തിരുവനന്തപുരം: കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കെവി തോമസ്. തിരുവനന്തപുരത്ത് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാതികൾ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു. പാർട്ടി വിടാനുള്ള നീക്കത്തിൽ നിന്നും പിന്മാറിയ കെവി തോമസ് തനിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ ഹൈക്കമാൻഡ് പ്രതിനിധികൾക്ക് മുന്നിൽ പരാതിപ്പെടുകയും അനുനയ ചര്‍ച്ചകൾക്ക് ഒടുവിൽ ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കുകയുമായിരുന്നു.
താന്‍ പാർട്ടി വിടുമെന്ന പ്രചാരണങ്ങള്‍ക്ക് തോമസ് ക്ഷോഭിച്ചാണ് മറുപടി നൽകിയത്. അനുനയത്തിന് തയ്യാറായെങ്കിലും വർക്കിംഗ് പ്രസിഡണ്ട് സ്ഥാനമടക്കമുള്ള പദവികളിലെ പാർട്ടി തീരുമാനം കാക്കുകയാണ് അദ്ദേഹം. വർക്കിംഗ് പ്രസിഡണ്ട് അല്ലെങ്കിൽ ഉമ്മൻചാണ്ടി അധ്യക്ഷനായ മേൽനോട്ട സമിതിയിൽ സ്ഥാനം. മകൾക്ക് സീറ്റ് ഇതൊക്കെയായിരുന്നു തോമസിൻറെ ഉപാധികൾ.
അതിൽ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തോമസ് പോകുന്നെങ്കിൽ പോകട്ടെ എന്ന് സംസ്ഥാന കോൺഗ്രസ്സിലെ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നെങ്കിലും നിർണ്ണായക തെരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന നേതാവിൻറെ വിട്ടുപോകൽ തിരിച്ചടിയാകുമെന്നായിരുന്നു ഹൈക്കമാൻഡ് വിലയിരുത്തൽ. ഇതോടെയാണ് എഐസിസിയും കെപിസിസിയും ഇന്നലെ വൈകീട്ട് തോമസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്തിയത്.