കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; ബാങ്കുകള്‍ വഴി തെളിവ് ശേഖരിക്കും

അക്കൗണ്ട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം ബാങ്കുകള്‍ക്ക് കത്തയച്ചു.
കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; ബാങ്കുകള്‍ വഴി തെളിവ് ശേഖരിക്കും

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ പരാതിക്കാരന്റെയും ആരോപണം വിധേയരുടെയും അക്കൗണ്ട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം ബാങ്കുകള്‍ക്ക് കത്തയച്ചു.

കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകള്‍ക്കാണ് കത്തയച്ചത്. ഈ ബാങ്കുകളുടെ അക്കൗണ്ടിലൂടെ ന്യൂഭാരത് ബയോടെക്‌നോളജീസ് ഉടമ വിജയന് പണം നല്‍കിയെന്നാണ് പരാതിക്കാരന്‍ ഹരികൃഷ്ണന്റെ മൊഴി.

അക്കൗണ്ട് വിവരങ്ങള്‍ നാളെ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. പരാതിക്കാരുടെയും ആരോപണ വിധേയരായവരുടെയും ഫോണ്‍ കോള്‍ വിവരങ്ങളും പൊലീസ് തേടി.

അതേസമയം, പരാതിക്കാരന്‍ ഹരികൃഷ്ണന്റെ വീടിനു മുന്നില്‍ പൊലീസ് കാവല്‍ ശക്തമാക്കി. ശനിയാഴ്ച കുമ്മനം രാജശേഖരനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

കുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ കുമ്മനത്തിന്റെ പിഎ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന്‍ നല്‍കിയ പരാതിയിലുണ്ടെന്ന് പൊലീസ് പറയുന്നു. 2018 ഫെബ്രുവരിയില്‍ തന്റെ വീട്ടിലെത്തിയ പ്രവീണ്‍ കുമ്മനത്തിന്റെ പിഎ ആണെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.

കേസില്‍ നാലാം പ്രതിയാണ് കുമ്മനം. മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് പ്രവീണ്‍ ഒന്നാം പ്രതി. സ്ഥാപനം തുടങ്ങുന്നയാളായി ഹരികൃഷ്ണന്റെ മുന്‍പിലെത്തിയ വിജയന്‍ രണ്ടാം പ്രതിയും ഇയാളുടെ മാനേജര്‍ സേവ്യര്‍ മൂന്നാം പ്രതിയുമാണ്. ബിജെപിയുടെ എന്‍ആര്‍ഐ സെല്‍ കണ്‍വീനറായിരുന്ന ഹരികുമാറാണ് അഞ്ചാം പ്രതി.

Related Stories

Anweshanam
www.anweshanam.com