യാത്രാക്കാരോട് ജീവനക്കാര്‍ എങ്ങനെ പെരുമാറണം; മാര്‍ഗ നിര്‍ദേശവുമായി കെ എസ് ആര്‍ ടി. സി എം ഡി

ജീവനക്കാര്‍ യാത്രാക്കാരോട് മാന്യമായി പെരുമാറണം
യാത്രാക്കാരോട് ജീവനക്കാര്‍ എങ്ങനെ പെരുമാറണം; മാര്‍ഗ നിര്‍ദേശവുമായി കെ എസ് ആര്‍ ടി. സി എം ഡി

പത്തനംതിട്ട : കെ എസ് ആര്‍ ടി സി ജീവനക്കാര്‍ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്ന് സി എം ഡി. ബിജു പ്രഭാകര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാരോട് ജീവനക്കാര്‍ എങ്ങിനെ പെരുമാറണമെന്നതു സംബന്ധിച്ച് സി എം ഡി മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

യാത്രക്കാര്‍ ബസിനുള്ളിലോ ബസിന് പുറത്തോ വെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാല്‍ അതേ രീതിയില്‍ ഒരു കാരണവശാലും പ്രതികരിക്കരുതെന്നും യാത്രക്കാര്‍ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തുടര്‍ന്നുള്ള നടപടികള്‍ യൂനിറ്റ് തലത്തിലോ, കേന്ദ്ര ഓഫീസ് തലത്തിലോ തീരുമാനിക്കും.

ജീവനക്കാര്‍ യാത്രാക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്‍മാര്‍, അംഗവൈകല്യമുള്ളവര്‍, രോഗബാധിതരായ യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമുള്ള സൗകര്യം ബസുകളില്‍ ഒരുക്കി നല്‍കണം. കൂടാതെ ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും ഇത്തരത്തിലുള്ള യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ ജനതാ ഓര്‍ഡിനറി ബസുകളുടെ കാര്യത്തിലും, അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ കാര്യത്തിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം.

Related Stories

Anweshanam
www.anweshanam.com