ലാവ്‌ലിന്‍ കേസ് നീട്ടിവെക്കാനുള്ള സിബിഐ അപേക്ഷ ദുരൂഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പുതിയ നീക്കത്തിന് പിന്നില്‍ സിപിഐഎം-ബിജെപി ഇടപെടല്‍ ഉണ്ടെന്ന് കരുതുന്നു.
ലാവ്‌ലിന്‍ കേസ് നീട്ടിവെക്കാനുള്ള സിബിഐ അപേക്ഷ ദുരൂഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട സിബിഐ നടപടി ദുരൂഹമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട സിബിഐയുടെ പുതിയ നീക്കത്തിന് പിന്നില്‍ സിപിഐഎം-ബിജെപി ഇടപെടല്‍ ഉണ്ടെന്ന് കരുതുന്നുവെന്നും മുല്ലപ്പള്ളി ഫേസ്ബുക്കിലെഴുതി.

‘ ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയ സിബിഐയുടെ നടപടി ദുരൂഹമാണ്. ഈ കേസില്‍ സിബിഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണ്. 2018 ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന ലാവ്ലിന്‍ കേസ് 20 തവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവെക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമാണ്.’ മുല്ലപ്പള്ളി പറഞ്ഞു.

ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സിബിഐ ആണ് ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്. ഇതിന് പിന്നില്‍ സിപിഐഎം-ബിജെപി ഇടപെടല്‍ ഉണ്ടെന്ന് തന്നെ കരുതണം. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

സിബിഐയുടെ സംശയാസ്പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണോയെന്ന ചോദ്യവും മുല്ലപ്പള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചു. ഏത് ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, എന്നാലത് വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com