സിപിഎം നേതാക്കളുടേത് സംഘപരിവാർ മനസ്; മുല്ലപ്പള്ളി രാമചന്ദ്രന്‍
Kerala

സിപിഎം നേതാക്കളുടേത് സംഘപരിവാർ മനസ്; മുല്ലപ്പള്ളി രാമചന്ദ്രന്‍

രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സിപിഎം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

By News Desk

Published on :

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാ ശ്രമമാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ മതേതര സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സിപിഎം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാനമായ ആരോപണം ഒരാഴ്ച മുന്‍പ് കോടിയേരി ഉന്നയിച്ചെങ്കിലും കേരളീയ പൊതുസമൂഹം അത് അവജ്ഞയോടെ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്ന കോടിയേരിയുടെ സൃഗാലബുദ്ധി നടക്കില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട ജനവിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്, അധികാരത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ലേഖനത്തിലുടനീളമുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

കമ്മ്യൂണിസം പ്രസംഗിക്കുകയും രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും യഥേഷ്ടം നടത്തുകയും ചെയ്യുന്നവരാണ് സിപിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും. അവസരവാദമാണ് സിപിഎമ്മിന്റെ രാഷ്ട്രീയം, മുല്ലപ്പള്ളി പറഞ്ഞു.

ദീര്‍ഘകാലം ആര്‍എസ്എസിനും സിപിഎമ്മിനും ഇടയ്ക്കുള്ള പാലമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും സ്വന്തം തട്ടകമായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു ആര്‍എസ്എസ് നേതാവ് പ്രമുഖ മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഈ ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തലിനെ നിരാകരിക്കാനോ തള്ളിപ്പറയാനോ ഇതുവരെ തയ്യാറായിട്ടില്ല. നേതാക്കളുടെ സംഘപരിവാര്‍ മനസ്സാണ് ഇതിലൂടെ പ്രകടമാകുന്നത് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com