രാജിവെച്ച എംപിമാര്‍ക്കെതിരെ കര്‍ശന നിലപാടുമായി കെപിസിസി

കേരളത്തിലേക്ക് തിരിച്ച് വരാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു.
രാജിവെച്ച എംപിമാര്‍ക്കെതിരെ കര്‍ശന നിലപാടുമായി കെപിസിസി

തിരുവനന്തപുരം: പാര്‍ട്ടി സ്ഥാനം രാജിവെച്ച എംപിമാര്‍ക്കെതിരെ കര്‍ശന നിലപാടുമായി കെപിസിസി. കേരളത്തിലേക്ക് തിരിച്ച് വരാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. രാജി വിവാദത്തില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്റ് അംഗങ്ങളായ ചിലര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നതാണ് നിലവില്‍ കോണ്‍ഗ്രസിലുള്ള ഭിന്നിപ്പിന് കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ഇവരെ മത്സരിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് കെപിസിസി.

എ ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹ്‌നാന്‍ രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ മുരളീധരന്‍ എംപി രാജി വെച്ചത്.

ഒരേസമയം രണ്ട് പദവികള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്നും പാര്‍ട്ടി പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അതൊന്നും തുറന്നു പറയാതിരുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാതിരിക്കാനാണെന്നും രാജിവെച്ചതിന് പിന്നാലെ കെ മുരളീധരന്‍ പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെന്നി ബെഹ്നാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെപിസിസിയിലുണ്ടായിരുന്നു. എന്നാല്‍ എംപിയായതിന് ശേഷവും സ്ഥാനമൊഴിയാന്‍ ബെന്നി വിമുഖത കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കെപിസിസി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജി.

Related Stories

Anweshanam
www.anweshanam.com