രണ്ടാം ഘട്ട ഷിഗെല്ല രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

കോട്ടാംപറമ്പില്‍ വെള്ളത്തിലൂടെ തന്നെയാണ് ഷിഗെല്ല പടര്‍ന്നതെന്നും അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
രണ്ടാം ഘട്ട ഷിഗെല്ല രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

കോഴിക്കോട്: ഷിഗെല്ല പടര്‍ന്ന കോഴിക്കോട് കോട്ടാംപറമ്പില്‍ രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോട്ടാംപറമ്പില്‍ വെള്ളത്തിലൂടെ തന്നെയാണ് ഷിഗെല്ല പടര്‍ന്നതെന്നും അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗെല്ല ബാധിച്ച്‌ മരിച്ചിരുന്നു. ഈ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായി. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരികരിച്ചു. ഷിഗെല്ല പടര്‍ന്നത് മരണ വീട്ടില്‍ വിതരണം ചെയ്ത വെള്ളത്തിലൂടെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശത്തെ രണ്ട് കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൂഴിക്കല്‍, ചെലവൂര്‍, വെള്ളിപറമ്ബ്, ഒളവണ്ണ, ഫറോക്ക്, കടലുണ്ടി, മുണ്ടിക്കല്‍താഴം, പന്തീരാങ്കാവ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ആളുകള്‍ മരണ വീട്ടില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോട്ടാംപറമ്പില്‍ പ്രദേശത്ത് ഷിഗെല്ല പടരാനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് വിദഗ്ധ റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഈ പഠന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറി. മേഖലയില്‍ നിരന്തരമായ ശുചീകരണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com