എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം ഉടന്‍ സമർപ്പിക്കണം
Kerala

എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം ഉടന്‍ സമർപ്പിക്കണം

അന്വേഷണം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി.

News Desk

News Desk

കൊച്ചി: കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട്‌ തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം രാണ്ടാഴ്ചക്കകം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ കോടതി അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.

സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശൻ ജനറൽ കൺവീനറായിരുന്ന 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി. സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പിയാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി. തുടര്‍ന്ന് അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാനായിരുന്നു കോടതി നിർദ്ദേശം. തുടർന്നും റിപ്പോർട്ട് വൈകിയതാണ് കോടതിയലക്ഷ്യ ഹർജിക്ക് വഴിവച്ചത്.

Anweshanam
www.anweshanam.com