പാരിസ്ഥിതിക ആഘാത നിര്‍ണയ കരട്; വിയോജിപ്പ് അറിയിക്കണമെന്ന് കോടിയേരി
Kerala

പാരിസ്ഥിതിക ആഘാത നിര്‍ണയ കരട്; വിയോജിപ്പ് അറിയിക്കണമെന്ന് കോടിയേരി

എല്ലാ മേഖലകളും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തുറന്നിട്ടു കൊടുക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

News Desk

News Desk

തിരുവനന്തപുരം: പാരിസ്ഥിതിക ആഘാത നിര്‍ണയ കരട് വഴി കേന്ദ്രം കോര്‍പ്പറേറ്റ്‌വത്കരണ നയം ശക്തമാക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മേഖലകളും ബഹുരാഷ്ട്ര കുത്തകകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും തുറന്നിട്ടു കൊടുക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരിസ്ഥിതിക ആഘാത നിര്‍ണയം സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് നടപ്പാക്കപ്പെടുകയാണെങ്കില്‍, നമ്മുടെ രാജ്യത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പാരിസ്ഥിതിക അനുമതി വേണ്ടാതെ വരും. ഓരോ നിര്‍മാണ പ്രവര്‍ത്തനത്തിനും പരിസ്ഥിതി ആഘാതം എത്രത്തോളം ഉണ്ടെന്ന് ഇനി പരിശോധിക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

‘ഇതോടൊപ്പം തന്നെ, ആദിവാസി മേഖലകളില്‍ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍, ആദിവാസി ജനസമൂഹം അധിവസിക്കുന്ന എസ്.ടി. പഞ്ചായത്തുകളുടെ അനുമതി വാങ്ങണം എന്ന നിബന്ധന എടുത്തുകളഞ്ഞിരിക്കുകയാണ്. വനമേഖലയില്‍ ഉള്‍പ്പെടെ ഏതു സംരംഭവും ആരംഭിക്കുമ്പോള്‍ പാരിസ്ഥിതിക പഠനം ആവശ്യമില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവ് വലിയതോതില്‍ പരിസ്ഥിതി സംരക്ഷണത്തിന് കോട്ടമുണ്ടാക്കുന്നതാണ്’, കോടിയേരി പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പാരിസ്ഥിതികാഘാതം ഉണ്ടോയെന്ന് ഇനി പരിശോധിക്കേണ്ടതില്ല എന്ന സമീപനം കേന്ദ്രം കൈക്കൊണ്ടിരിക്കുകയാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ‘ധാതുസമ്പത്തുകള്‍ പോലും സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങളും റെയില്‍വേയും എല്ലാം സ്വകാര്യമേഖലയെ ഏല്‍പിക്കുകയെന്ന നയത്തിലാണ് കേന്ദ്രം എത്തിയിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ ഈ ഉത്തരവ് തിരുത്തണം. അതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. കേരളത്തിന്റെ വ്യത്യസ്ത അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം എന്നുള്ളതാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി നിര്‍ദേശിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

Anweshanam
www.anweshanam.com