
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസില്‍ പ്രതികളായി വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ രക്ഷപെടുത്താന്‍ വേണ്ടിയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലണ് കോടിയേരി സിബിഐ അന്വേഷണത്തെ തള്ളിക്കളയുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക ഗുണ്ടാസംഘം നടത്തിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളേയും ഗൂഡാലോചനയേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പൊലീസിന് കഴിയുമെന്ന് കോടിയേരി പറഞ്ഞു. ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സിബിഐയേക്കാള്‍ മികവ് കേരളാ പൊലീസിനുണ്ട്- കോടിയേരി വ്യക്തമാക്കി.
വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കിയെന്ന് അടൂര്‍ പ്രകാശ് എംപി അറിയിച്ചിരുന്നു . യഥാര്‍ത്ഥ പ്രതികളെയും അതിന് നേതൃത്വം നല്കിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.