
കൊച്ചി: ഷോപ്പിംഗ് മാളിൽ നടിയെ ഉപദ്രവിച്ച സംഭവത്തിൽ പ്രതികർക്കായി തെരച്ചിൽ ഊർജിതം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് പ്രതികൾ യാത്ര ചെയ്തുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേരിൽ ഒരാൾ കോഴിക്കോട്ടേക്കും മറ്റെയാൾ കണ്ണൂരിലേക്കും ടിക്കറ്റെടുത്തിരിക്കുന്നതിനാൽ ഈ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതികളുടെ ചിത്രം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. നടി എറണാകുളത്ത് തിരിച്ചെത്തിയാൽ ഉടൻ മൊഴിയെടുക്കാനാണ് കളമശേരി പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ മാളിൽ യുവനടിക്കെതിരെ അതിക്രമം നടന്നത്. ഇൻസ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് അതിക്രമ വിവരം പുറംലോകത്തെ അറിയിച്ചത്. തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തു.