ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണി; വെളിപ്പെടുത്തലുമായി മാപ്പുസാക്ഷി

മൊഴി മാറ്റി നല്‍കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്‌തെന്ന് വിപിന്‍ ലാല്‍.
ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണി; വെളിപ്പെടുത്തലുമായി മാപ്പുസാക്ഷി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ മൊഴി മാറ്റി നല്‍കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്‌തെന്നും വധഭീഷണി വന്നെന്നും കേസില്‍ മാപ്പു സാക്ഷിയായ വിപിന്‍ ലാല്‍. കേസില്‍ ദിലീപിന് പങ്കില്ലെന്നാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പുറത്തിറങ്ങിയാല്‍ ജീവനു ഭീഷണിയാവുമെന്ന് ഭയന്നിട്ടാണെന്നും യഥാര്‍ത്ഥ മൊഴി അതല്ലെന്നും വിപിന്‍ ലാല്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ജയിലില്‍കിടക്കുന്ന സമയത്ത് ഇദ്ദേഹത്തിനെതിരെ പരസ്യമായി എന്തെങ്കിലും പറഞ്ഞാല്‍ ജീവന്‍ അപായത്തിലാവും എന്ന് ജയില്‍ അധികൃതര്‍ പറഞ്ഞതു കൊണ്ടാണ് അന്ന് ഞാന്‍ മാധ്യമങ്ങളോട് അദ്ദേഹമല്ല ഇതിന് പുറകിലെന്ന് പറഞ്ഞത്. എത്ര തെറ്റ് ചെയ്‌തെങ്കിലും തെറ്റ് തിരുത്താനുള്ള അവസരമായാണ് ഞാന്‍ അതിനെ കണക്കാക്കിയത്. ആ സഹോദരിക്ക് നീതി ലഭിക്കണം,’ വിപിന്‍ലാല്‍ വ്യക്തമാക്കി.

നിരന്തരമായി തന്റെ മൊഴി മാറ്റി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് വിപിന്‍ലാല്‍ പറയുന്നത്‌. ദിലീപിനെതിരെയായ മൊഴി മാറ്റിയില്ലെങ്കില്‍ ദിവസങ്ങള്‍ എണ്ണപ്പെട്ടെന്ന് കാണിക്കുന്ന ഭീഷണിക്കത്തുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വരുന്നുണ്ടെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.

ഈ കേസില്‍ ചത്താലും മൊഴി മാറ്റില്ല എന്നാണ് വിപിന്‍റെ നിലപാട്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന കാസര്‍കോട് സ്വദേശിയായ വിപിന്‍ലാല്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് വിപിന്‍ലാല്‍ അന്ന് ജയിലിലുണ്ടായിരുന്നത്. സ്വാധീനിക്കാന്‍ വന്ന ആളുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com