കെട്ടിട നിര്‍മ്മാണം ക്രമപ്പെടുത്താനുള്ള കെഎം ഷാജിയുടെ അപേക്ഷ നഗരസഭ തള്ളിയേക്കും

അപേക്ഷയ്ക്ക് ഒപ്പം നല്‍കേണ്ട രേഖകളൊന്നും ഷാജി സമര്‍പ്പിച്ചിട്ടില്ല.
കെട്ടിട നിര്‍മ്മാണം ക്രമപ്പെടുത്താനുള്ള കെഎം ഷാജിയുടെ അപേക്ഷ നഗരസഭ തള്ളിയേക്കും

കോഴിക്കോട്: അനധികൃത കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ആരോപണങ്ങളില്‍ മുസ്‌ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ മേല്‍ കുരുക്ക് മുറുകുന്നു. 5200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കോഴിക്കോട്ടെ വീട് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമായതിന് പിന്നാലെ കെട്ടിട നിര്‍മ്മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ നഗരസഭ തള്ളിയേക്കും.

അപേക്ഷയ്ക്ക് ഒപ്പം നല്‍കേണ്ട രേഖകളൊന്നും ഷാജി സമര്‍പ്പിച്ചിട്ടില്ല. അപേക്ഷയില്‍ നികുതി അടച്ച രേഖകള്‍ ഒപ്പം വെച്ചിട്ടില്ല. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും ഇല്ല. നാല് വര്‍ഷമായി കെട്ടിട നികുതിയും വസ്തു നികുതിയും ആഢംബര നികുതിയും അടച്ചിട്ടില്ല.

എന്നാല്‍ കെട്ടിടത്തിന് അനുമതിയില്ലെങ്കിലും ജല, വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടുണ്ട്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നഗരസഭയോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ മറുപടി ചൊവ്വാഴ്ച നഗരസഭ നല്‍കും. 2013 ല്‍ 3200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കാനാണ് ഷാജി അനുമതി തേടിയത്. ഇപ്പോള്‍ ആ വീടിന്റെ വിസ്തൃതി 5200 സ്‌ക്വയര്‍ ഫീറ്റാണ്.

അതേസമയം ചോദ്യം ചെയ്യുന്നതിനായി നവംബര്‍ 10-ന് ഹാജരാകാന്‍ കെഎം ഷാജിയോട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം കെഎം ഷാജി തന്നെയാണ് സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴ ആരോപണത്തെ തുടര്‍ന്ന് കെഎം ഷാജിയുടെ ആസ്തി പരിശോധിക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com