
കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു. കൊച്ചിയില്‍ വച്ചാണ് അന്ത്യം. 1991 മുതൽ 2001 വരെ ഹൈക്കോടതിയിൽ പ്രവർത്തിച്ചു. 2000-2001 വർഷത്തിൽ ചീഫ് ജസ്റ്റിസായി.
അഭിഭാഷകയായി പ്രവർത്തിച്ച ശേഷം ജഡ്ജിയാവുകയും ചീഫ് ജസ്റ്റിസാവുകയും ചെയ്ത ആദ്യ വനിതയാണ് ഉഷ. വിരമിച്ച ശേഷം 2001-2004 കാലഘട്ടത്തിൽ കസ്റ്റംസ്, സെൻട്രൽ എക്സൈസ് ട്രിബ്യൂണൽ ചെയർപേഴ്സൺ ആയിരുന്നു കെ കെ ഉഷ.
ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ 1975 ല്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് വിമന്‍ ലോയേഴ്സിന്റെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് വുമണ്‍ ലോയേഴ്സും ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് വിമന്‍ ഓഫ് ലീഗല്‍ കരിയറും സംഘടിപ്പിച്ച എക്യരാഷ്ട്രസഭയുടെ സംയുക്ത സെമിനാറിലും അവര്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.
വിരമിച്ച ഹൈക്കോടതി ജഡ്ജി കെ സുകുമാരൻ ഭർത്താവാണ്. കേരളത്തിലെയും മുംബൈയിലെയും ഹൈക്കോടതികളിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച അഭിഭാഷകനാണ് കെ. സുകുമാരൻ. രാജ്യത്തെ ആദ്യത്തെ ജഡ്ജി ദമ്പതികളാണ് ഇരുവരും.
മക്കള്‍: ലക്ഷ്മി (യുഎസ്), കാർത്തിക (അഭിഭാഷക, കേരള എക്സ്സസീവ് കോര്‍ട്ട്റൂം), മരുമകൻ: ഗോപാൽ രാജ് (ദി ഹിന്ദു), സബ്രീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).
നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്കിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ.കെ.ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. ഉഷയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.